സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം. തുടര്‍ന്ന്  ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്‍ ജൂറി അംഗവുമായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുനര്‍മൂല്യനിര്‍ണയം നടത്തി.  

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം. തുടര്‍ന്ന് ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്‍ ജൂറി അംഗവുമായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുനര്‍മൂല്യനിര്‍ണയം നടത്തി.

മലയാളം ഉപന്യാസ മത്സരത്തിന് വിധികർത്താവായി കവിതാമോഷണ വിവാദത്തിലകപ്പെട്ട ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ, യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവർത്തകരാണ് ദീപയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‍യു വനിതാ പ്രവർത്തകരും ദീപയ്ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു. ദീപാ നിശാന്തിനെ വിധി കർത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചു എന്നും ചെന്നിത്തല പറഞ്ഞു. 

ദീപാ നിശാന്ത് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നതിനെതിരേ കെ.എസ്.യു രേഖാമൂലം വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്. പ്രതിഷേധം അനാവശ്യമെന്നായിരുന്നു ദീപാ നിശാന്തിന്‍റെ പ്രതികരണം. സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ വിധികർത്താവായി വന്നത് അധ്യാപിക എന്ന നിലയിൽ ആണെന്ന് ദീപാ നിശാന്ത് പ്രതികരിച്ചു. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപാ നിശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.