തിരുവനന്തപുരം: ദീപാവലി ഇങ്ങെത്തിയപ്പോള്‍ സംസ്ഥാനത്തെ പടക്കവിപണിയും സജീവമായി. നാടന്‍പടക്കങ്ങളുടെ കാതടപ്പന്‍ ശബ്ദങ്ങള്‍ക്ക് വിലക്കുള്ളപ്പോൾ വർണം വിതറുന്ന ന്യൂജെന്‍ പടക്കങ്ങളാണ് വിപണി കീഴടക്കുന്നത്. പഴയതുപോലെ പടക്കകടകളിലെത്തുന്ന കുഞ്ഞു കുട്ടികളെ പട്ടാസും കമ്പിത്തിരിയും മാത്താപ്പൂവും മാത്രം കാട്ടി തൃപ്‍തിപ്പെടുത്തനാകില്ല. അതുകൊണ്ട് തന്നെ പടക്കവിപണിയിലുമുണ്ട് ഒരു ന്യൂജെന്‍ ടച്ച്. ചൂളമടിച്ചുയരുന്ന റോക്കറ്റ് മുതല്‍ പീലിവിടർത്തുന്ന പൂത്തിരിവരെയുണ്ട് ഇത്തവണ ദീപാവലിക്ക്. നാടന്‍ പടക്കങ്ങളുടെ കാതടപ്പന്‍ ശബ്ദങ്ങളോടല്ല മറിച്ച് ഫാന്‍സി പടക്കങ്ങളോടാണ് എല്ലാവർക്കും പ്രിയം. 

പത്ത് രൂപയില്‍ തുടങ്ങുന്ന മിന്‍മിനി മുതല്‍ ട്രെയിന്‍ ചിപ്പുട്ട് വരെ വിപണിയിലുണ്ട്. 1500 രൂപയുടെ കളർ സ്മോക്ക് മുതല്‍ ചുന്‍മുന്‍ വരെ സർവത്ര വെറൈറ്റി. പുറ്റിങ്ങല്‍ വെടിക്കെട്ടിനുശേഷം തെക്കന്‍ ജില്ലകളില്‍ നാടന്‍ പടക്കങ്ങളോടുള്ള താല്‍പര്യം തീരെയില്ലാതായെന്ന് വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു. മറിച്ച് അധികം ശബ്ദമില്ലാത്തതും സുരക്ഷിതവുമായ ചൈനീസ് പടക്കങ്ങളോടാണ് എല്ലാവർക്കും പ്രിയം. മറ്റുള്ളവയെ അപേക്ഷിച്ച് വിലയും കുറവ്. എന്നാലും മാലപ്പടക്കവും സരസ്വതിയും മത്താപ്പൂവും തീരെയില്ലാതായിട്ടുമില്ല. പക്ഷേ മാരിയപ്പന്‍‍ തങ്കവേലുവും മർലിന്‍ മൺറോയും വിന്‍ഡീസലുമൊക്കെയാണ് അവിടെയും താരങ്ങള്‍.