പത്മാവതി നായിക ദീപിക പദുകോണിന് നേരെ രാജസ്ഥാന്‍ കര്‍ണി സേനയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരത്തിന് പ്രത്യേക സുരക്ഷ ഒരുക്കി മുംബൈ പൊലീസ്. സഞ്ജയ് ലീല ബമന്‍സാലിയുടെ പുതിയ ചിത്രം പത്മാവതിയ്ക്ക് നേരെ ഉയരുന്ന പ്രതിഷേധത്തെ എതിര്‍ത്ത് ദീപിക രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് ദീപികയ്‍ക്ക് നേരെയും ഭീഷണി. 

രാജ്പുത് ഒരിക്കലും സ്‍ത്രീകള്‍ക്ക് നേരെ കൈ ഉയര്‍ത്താറില്ല. വേണ്ടി വന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണകയോട് ചെയ്‍തത് ദീപികയോട് തങ്ങള്‍ക്ക് ചെയ്യേണ്ടി വരും എന്നായിരുന്നു കര്‍ണിസേന നേതാവ് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ ഭീഷണി ഉയര്‍ത്തിയത്. തുടര്‍ന്നാണ് മുംബൈ പോലീസ് ദീപികയ്‍ക്ക് സെക്യൂരിറ്റി ശക്തമാക്കിയത്. ചിത്രം റിലീസ് ചെയ്യാനിരിക്കുന്ന ഡിസംബര്‍ ഒന്നിന് രാജ്യാവ്യാപക ബന്ദിനും കര്‍ണിസേന ആഹ്വാനം ചെയ്തിട്ടുണ്ട്.

ചിറ്റൂരിലെ രാജ്ഞിയായിരുന്ന റാണി പത്മിനിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ തെറ്റായ രീതിയിലുള്ള ബന്ധമാണ് ചിത്രീകരിക്കുന്നതെന്ന് ആരോപിച്ച് ചിത്രീകരണം മുതല്‍ കര്‍ണി സേന രംഗത്തുണ്ട്. അതേസമയം ഈ ആരോപണങ്ങളെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തുടക്കം മുതല്‍ നിഷേധിച്ചിരുന്നു.