ന്യൂഡല്‍ഹി: ഏറ്റുമുട്ടലിനും സൈനിക ഓപ്പറേഷനുമിടയില്‍ കൊല്ലപ്പെടുന്ന ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസചിലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് നാവികസേനാ മേധാവി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയാണ് സര്‍വ്വീസില്‍ വച്ചു കൊല്ലപ്പെടുന്ന ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസചിലവുകള്‍ വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചത്. 

ഏറ്റുമുട്ടലിലോ സൈനികനടപടിയിലോ കൊല്ലപ്പെടുകയോ, കാണാതാവുകയോ, വികാലംഗരാവുകയോ ചെയ്യുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസചിലവുകള്‍ കേന്ദ്രസര്‍ക്കാരാണ് ഇത്രയും കാലം വഹിച്ചു കൊണ്ടിരുന്നത്. 

വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീ, ഹോസ്റ്റല്‍ ചാര്‍ജ്ജ്, ആവശ്യമായ പുസ്തകങ്ങള്‍, യൂണിഫോമുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് ചിലവായ തുക ബില്‍ സമര്‍പ്പിച്ചാല്‍ തിരിച്ചു കൊടുക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍ ജൂലൈ ഒന്നിന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ ഇങ്ങനെ തിരിച്ചു കിട്ടുന്ന തുകയുടെ പരിധി 10,000 ആക്കി ചുരുക്കി. ഈ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് നാവികസേനാമേധാവി ഇപ്പോള്‍ കത്തയച്ചിരിക്കുന്നത്.

ഈ ഒരു ചെറിയ സഹായം ചെയ്തു കൊടുക്കാന്‍ സാധിച്ചാല്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരുടെ കുടുംബത്തിനെ രാഷ്ട്രം കരുതലോടെ കാക്കുകയും അവരുടെ പ്രിയപ്പെട്ടവരുടെ ത്യാഗത്തെ നാം വിലമതിക്കുന്നുവെന്നുമുള്ള വിശ്വാസം അവര്‍ക്കുണ്ടാവും. ഈ ജവാന്‍മാരെല്ലാം രാജ്യത്തിന് വേണ്ടിയാണ് അവരുടെ ജീവന്‍ കളഞ്ഞത്. അവരുടെ പിന്‍ഗാമികളുടെ വിദ്യാഭ്യാസചിലവ് നാം വഹിക്കുന്നതിലൂടെ രാജ്യത്തോടുള്ള ആ ധീരജവാന്‍മാരുടെ പ്രതിബദ്ധതയെയാണ് നാം ആദരിക്കുന്നത്... പ്രതിരോധമന്ത്രിക്കയച്ച കത്തില്‍ ലാംബ കുറിക്കുന്നു. 

1971-ലെ യുദ്ധവിജയത്തിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസചിലവ് തിരിച്ചു കൊടുക്കുന്ന പദ്ധതി ആരംഭിച്ചത്. രാജ്യത്തിനായി ജീവന്‍ദാനം ചെയ്തവരോടുള്ള ആദരവും കൃതജ്ഞതയും അവരുടെ കുടുംബത്തിന് നല്‍കുന്ന പിന്തുണയുമായാണ് ഈ പദ്ധതി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മൂന്ന് സേനാമേധാവികളില്‍ ഏറ്റവും സീനിയറായ ലാംബയുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് പ്രതിരോധമന്ത്രാലയത്തില്‍ നിന്നുള്ള സൂചനകള്‍. എന്നാല്‍ ഏഴാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം എപ്പോള്‍ പിന്‍വലിപ്പിക്കപ്പെടും എന്ന കാര്യത്തില്‍ കൃത്യമായ ധാരണയില്ല.