മത്സര വിഭാഗത്തിലുള്ള ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷിന്റെ മൂന്നാമത്തെയും അവസാനത്തെയും പ്രദര്‍ശനമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചുപറ്റിയ ചിത്രത്തിന്റെ കഴിഞ്ഞ രണ്ട് പ്രദര്‍ശനങ്ങളും കാണാന്‍ വലിയ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 11.30 മണിക്കുള്ള അവസാന പ്രദര്‍ശനത്തിന് നേരത്തെ തന്നെ എല്ലാ സീറ്റുകളും റിസര്‍വ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 11 മണിയോടെ റിസര്‍വ് ചെയ്തവര്‍ തീയറ്ററിലെത്തിയപ്പോഴേക്കും തീയറ്റര്‍ നിറഞ്ഞുകഴിഞ്ഞിരുന്നു. തൊട്ടുമുമ്പ് നടന്ന പ്രദര്‍ശനം കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങാത്തതാണ് ഇതിന് കാരണമെന്നാണ് സംഘാടകരുടെ വാദം. എന്നാല്‍ റിസര്‍വേഷന്‍ സംവിധാനത്തെക്കുറിച്ച് നേരത്തെ തന്നെ നിരവധി പരാതികള്‍ ഡെലിഗേറ്റുകള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് റിസര്‍വ് ചെയ്തവര്‍ ചേര്‍ന്ന് സ്റ്റേജില്‍ കയറി പ്രദര്‍ശനം തടസ്സപ്പെടുത്തുകയായിരുന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും അര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോളും സ്ഥലത്തെത്തി സംസാരിച്ചെങ്കിലും പ്രതിഷേധം അവസാനിച്ചില്ല. റിസര്‍വേഷന്‍ സംവിധാനത്തിന്റെ പിഴവിന് അവര്‍ മാപ്പു പറഞ്ഞു. ഇപ്പോള്‍ എല്ലാവരും പുറത്ത് പോകണമെന്നും തുടര്‍ന്ന് റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമായി ഇപ്പോള്‍ പ്രദര്‍ശനം നടത്തുകയും മറ്റുള്ളവര്‍ക്ക് വേണ്ടി 1.30ന് അടുത്ത പ്രദര്‍ശനം നടത്താമെന്നും കമല്‍ പറഞ്ഞെങ്കിലും ആരും പുറത്തിറങ്ങാന്‍ തയ്യാറായില്ല.