സെര്‍ബിയന്‍ സംവിധായകന്‍ മിലോസ് റദോവികിന്റെ ട്രെയിന്‍ ഡ്രൈവേഴ്സ് ഡയറി എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുമ്പായിരുന്നു സംഭവം. തീയറ്ററിലെ ആ ദിവസത്തെ അഞ്ചാമത്തെ പ്രദര്‍ശനമായിരുന്നു ട്രെയിന്‍ ഡ്രൈവേഴ്സ് ഡയറിയുടേത്. സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുനേറ്റ് നില്‍ക്കാനുള്ള അറിയിപ്പ് നല്‍കിയെങ്കിലും ഒരാള്‍ മാത്രം എഴുനേറ്റില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇന്ന് നാല് തവണ ദേശീയ ഗാനം കേട്ടപ്പോള്‍ താന്‍ എഴുനേറ്റുവെന്നും ഇനി ഒരു തവണ കൂടി എഴുനേല്‍ക്കാന്‍ കഴിയില്ലെന്നുമായിരുന്നു ചോദ്യം ചെയ്തവരോട് ഇയാള്‍ പ്രതികരിച്ചത്. രാജ്യ സ്നേഹം പ്രകടിപ്പിക്കാന്‍ താന്‍ ഒരു ദിവസം എത്ര തവണ നില്‍ക്കണമെന്നും, ഇങ്ങനെ എഴുനേറ്റ് നിന്ന് പ്രകടിപ്പിക്കേണ്ടതാണോ രാജ്യ സ്നേഹമെന്നും ഇയാള്‍ മറ്റ് ഡെലിഗേറ്റുകളോട് ചോദിച്ചു. തീയറ്റര്‍ ബഹളത്തില്‍ മുങ്ങിയതോടെ സംഘാടകര്‍ ഇടപെട്ടു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടെന്നും അത് അനുസരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് തീയറ്ററില്‍ നിന്ന് പുറത്താക്കിയത്. ഇയാള്‍ മലയാളി ആണെന്ന വിവരമല്ലാതെ പേര് അടക്കമുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടില്ല.