ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ്ഗയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് പൂനെയിലെ നിയമ വിദ്യാര്‍ത്ഥിനികളാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചത്. 

ദില്ലി: നിസാമുദ്ദീന്‍ ദര്‍ഗ്ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. ശബരിമല യുവതീ പ്രവേശനത്തിനുള്ള പുനപരിശോധനാ ഹര്‍ജിയിലുള്ള സുപ്രീം കോടതി വിധിക്ക് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ വിധി. ഏപ്രില്‍ 11ന് അടുത്ത വാദം കേള്‍ക്കും.

ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ്ഗയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് പൂനെയിലെ നിയമ വിദ്യാര്‍ത്ഥിനികളാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചത്. നവംബര്‍ 27 ന് നിസാമുദ്ദിന്‍ ദര്‍ഗ്ഗ സന്ദര്‍ശിച്ചപ്പോഴാണ് ദര്‍ഗ്ഗയില്‍ സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്ന തരത്തില്‍ നോട്ടീസ് പതിപ്പിച്ചത് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് നിയമ വിദ്യാര്‍ത്ഥിനികള്‍ വിശദമാക്കി.

സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍ ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും ഡല്‍ഹി പോലീസിനോടും ദര്‍ഗ്ഗ ട്രസ്റ്റിനോടും ഹര്‍ജിയില്‍ സ്ത്രീ പ്രവേശനത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിസാമുദ്ദീന്‍ ദര്‍ഗ്ഗ പൊതു സ്ഥലമാണെന്നും അതിനാല്‍ വനിതാ പ്രവേശനം നിരോധിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.