ദില്ലി: ബന്ധുവായ യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തുകയും ഒളിച്ചോടുകയും ചെയ്ത യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ വകവരുത്തി. നാലു ദിവസം മുന്‍പാണ് ദിനേശ് (30), 23 വയസ്സുള്ള ബന്ധുവായ യുവതിക്കൊപ്പം ഒളിച്ചോടിയത്. ന്യൂ അശോക് നഗറില്‍വെള്ളിയാഴ്ചയാണ് അരുംകൊല അരങ്ങേറിയത്.

മൂന്നു കുട്ടികളുടെ പിതാവാണ് ദിനേശ്. യുവതിയുടെ സഹോദരന്‍ ശങ്കര്‍, അമ്മാവന്‍ റിങ്കു എന്നിവര്‍ ചേര്‍ന്നാണ് ദിനേശിനെ വകവരുത്തിയത്. കമിതാക്കള്‍ മയൂര്‍ വിഹാറിലെ ഫേസ് വണില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയ ഇവര്‍ അവിടെയെത്തി ദിനേശിനെ പല തവണ കുത്തിവീഴ്ത്തുകയായിരുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം കണ്ട പോലീസ് കോണ്‍സ്റ്റബിളാണ് മറ്റു പോലീസുകാരെ വിവരം അറിയിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. വിവാഹിതനായ ബന്ധുവിനൊപ്പം ഒളിച്ചോടി യുവതി കുടുംബത്തിന്റെ മാനംകളഞ്ഞുവെന്ന തോന്നലാണ് ഈ കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചത്. 

യുവതിയുടെ വിവാഹവും അടുത്ത മാസം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനു വേണ്ടി കരുതിവച്ച പണവും ആഭരണങ്ങളും എടുത്താണ് യുവതി ഓടിപ്പോയത്. ദിനേശ് ആണ് യുവതിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നതായും പോലീസ് ഓഫീസര്‍ രവീന്ദ്ര യാദവ് പറഞ്ഞു.