ദില്ലിയില്‍ അക്രമസംഭവങ്ങള്‍ക്ക് അയവ് വരുന്നില്ല. ദില്ലി രോഹിണി മേഖലയില്‍ പൊലീസും ഗുണ്ടകളും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. ഇരുകൂട്ടരും നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും രണ്ട് ഗുണ്ടകള്‍ക്കും പരുക്കേറ്റു. അതേസമയം സംഭവത്തില്‍ അഞ്ച് പേരെ പിടികൂടിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം മോഷണശ്രമം തടയുന്നതിനിടെ ഒരു പൊലീസുകാരനെ മോഷ്‌ടാവ് വെടിവച്ച് കൊന്നതിന് തൊട്ടുപുറകെയാണ് പൊലീസിന് നേരെ ഗുണ്ടകള്‍ പട്ടാപ്പകല്‍ വെടിവയ്പ്പ് നടത്തിയിരിക്കുന്നത്. ദില്ലി രോഹിണി മേഖലയില്‍ രാവിലെ ഒമ്പതരയോടെയാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. രോഹിണി മേഖലയില്‍ ഒരു വസ്തുക്കച്ചവടക്കാരനെ അപായപ്പെടുത്താന്‍ ലക്ഷ്യമാക്കി വന്ന ഗുണ്ടാസംഘത്തെ പൊലീസ് വഴിയില്‍ തടയുകയായിരുന്നു. നിര്‍ത്താതെ പോയ വാഹനത്തിന്റെ ടയറുകള്‍ ലക്ഷ്യമാക്കി പൊലീസ് വെടിവെച്ചതോടെ ഗുണ്ടകള്‍ വാഹനം നിര്‍ത്തി പൊലീസിന് നേരെ വെടിവയ്പ്പ് തുടങ്ങി. ഒരു മണിക്കൂറോളം നേരം വെടിവയ്പ്പ് തുടര്‍ന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും രണ്ട് ഗുണ്ടകള്‍ക്കും പരുക്കേറ്റു. ദില്ലി സ്വദേശികളായ സുധീര്‍ കാല, അഭയ് എന്നിവരടക്കം അഞ്ച് പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്ന് പൊലീസ് അറിയിച്ചു. ദില്ലിയിലെ തെരുവ് അക്രമങ്ങള്‍ക്ക് കുറവ് വന്നെന്ന് ഒരാഴ്ച മുമ്പെയാണ് ദില്ലി പൊലീസ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതിന് തൊട്ടുപുറകെയാണ് പൊലീസിന് നേരെ തന്നെയുള്ള രണ്ടാമത്തെ ആക്രമണവും നടന്നിരിക്കുന്നത്.
