ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു.  ആകെ 150 കോടിയിലേറെ രൂപയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ വര്‍ധിക്കുന്നു. ഏറ്റവും പുതിയതായി ദില്ലി പൊലീസ് സേനയാണ് കേരളത്തെ സാമ്പത്തികമായി സഹായിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. മഹാപ്രളയത്തില്‍ ദുരിതത്തിലായവര്‍ക്കായി ഒരു കോടി രൂപ ദില്ലി പൊലീസ് സമാഹരിച്ച് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നായിരിക്കും ഈ തുക സമാഹരിക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ആകെ 150 കോടിയിലേറെ രൂപയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 25 കോടി നല്‍കിയ തെലുങ്കാനയാണ് സാമ്പത്തികമായി കേരളത്തെ ഏറ്റവും വലിയ തുക നല്‍കി സഹായിച്ചത്.

മഹാരാഷ്‍ട്ര 20 കോടി, ഉത്തര്‍പ്രദേശ് 15 കോടി, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍,ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നിവര്‍ 10 കോടി, തമിഴ്നാട്, ഒഡീഷ അഞ്ച് കോടി, ആസാം മൂന്ന് കോടി, മിസോറാം രണ്ട് കോടി തുടങ്ങിയിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച സഹായം. ഇത് കൂടാതെ, തമിഴ്നാട്ടില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍, മഹാരാഷ്‍ട്രയില്‍ നിന്ന് മെഡിക്കല്‍ ടീം തുടങ്ങി അനേകം മറ്റ് സഹായങ്ങളും കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചു. 

Scroll to load tweet…