ട്രഷറിയില്‍ കോര്‍ ബാങ്കിങ് ഏര്‍പ്പെടുത്തിയതിനാല്‍ ബില്ലുകള്‍ പാസാക്കി അവരുടെ ട്രഷറി അക്കൗണ്ടുകളിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ മാറ്റാന്‍ കഴിയും. പക്ഷേ, കേന്ദ്രത്തിന്റെ നിയന്ത്രണം ഉള്ളതിനാല്‍ 24,000 രൂപയേ ജീവനക്കാര്‍ക്ക് പിന്‍വലിക്കാന്‍ കഴിയൂ എന്ന പ്രശ്‌നം വരും.
അതേസമയം അടുത്ത മാസാവസാനത്തോടെ ട്രഷറിയില്‍ ധനം കുറയും. ഉത്സവസീസണില്‍ കാലേകൂട്ടി നല്‍കാന്‍ ഉദ്ദേശിച്ചിരിക്കുന്ന ക്ഷേമപ്പെന്‍ഷനുകളെ അതു ബാധിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

രജിസ്‌ട്രേഷന്‍ നിരക്കുകളില്‍ കുറവുണ്ടായിട്ടുണ്ട്. വിവിധ ഫീസുകള്‍, കെഎസ്എഫ്ഇ ചിട്ടി അടവ് തുടങ്ങിയ ഇനങ്ങളിലും നല്ല കുറവുണ്ടാകും. വില്പനനികുതിയില്‍ വലിയ ഇടിവുണ്ടാകും. നികുതിപിരിവില്‍ നേരത്തേ പ്രതീക്ഷിച്ചത് 19 ശതമാനം വളര്‍ച്ചയാണ്. എന്നാല് എത്ര വളര്‍ച്ച ഉണ്ടാകുമെന്നത് ഇപ്പോള്‍ കണക്കാക്കാന്‍ കഴിയില്ല. പെട്രോളിയം കമ്പനികളും ബിവറേജസ് കോര്‍പ്പറേഷനും മറ്റും അടയ്ക്കുന്ന നികുതിയുടെ കാര്യവും ഇപ്പോള്‍ പറയാനാവില്ല. അവയില്‍ കാര്യമായ കുറവുണ്ടാവില്ല എന്നാണ് കരുതുന്നതെന്നും ഐസക് പറഞ്ഞു.

ഒരാഴ്ച ലോട്ടറി നിര്‍ത്തിവച്ചതിന്റെ വിറ്റുവരവില്‍ത്തന്നെ 300 കോടി രൂപ കുറവുവരുന്നുണ്ട്. വില്പന നടക്കുന്ന ലോട്ടറികള്‍ നറുക്കെടുക്കാനാകും. ലോട്ടറിവിതരണക്കാരുടെ സംഘടനാപ്രതിനിധികളുമായി ആലോചിച്ച് ഇക്കാര്യം തീരുമാനിക്കും. ഇതെല്ലാം കാരണം യഥാര്‍ത്ഥത്തില്‍ കിട്ടേണ്ട 4000 കോടിരൂപയുടെ മാസവരുമാനം 2000 കോടി രൂപയായി കുറയും.

ചെറുകിട ഉല്പാദനമേഖലയില്‍ പൂര്‍ണ്ണസ്തംഭനമാണ്. വൈകാതെ അത് പ്ലാന്റേഷന്‍ മേഖലയിലേക്കുകൂടി ബാധിക്കും. അവിടെ ശമ്പളം കൊടുക്കല്‍ ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലാണ്. കൊടിയ പട്ടിണിയിലേക്കാണ് ഇത് വഴിതുറന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തില്‍ 25 ശതമാനമെങ്കിലും ഇടിയും.

പണം കൈയില്‍ കിട്ടാനുള്ള ബുദ്ധിമുട്ടിനു പുറമെ ജനങ്ങള്‍ മുഖ്യമായും അഭിമുഖീകരിക്കുന്നത് 500ന്റെയും 1000ന്റെയും നോട്ടുകള്‍ ഇല്ലാതായതുമൂലമുള്ള ദൈനംദിന വ്യവഹാര പ്രശ്‌നങ്ങളാണ്. 'കറന്‍സി മാനേജ്‌മെന്റാണു പ്രശ്‌നം' എന്നു 'സംസ്‌കൃതം' പറഞ്ഞ് ബാങ്കുകള്‍ ലളിതവത്ക്കരിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ ഈ പ്രശ്‌നത്തെയാണെന്നു മന്ത്രി പരിഹസിച്ചു.