ദില്ലി: നോട്ടുകൾ അസാധുവാക്കി സർക്കാർ ഇറക്കിയ വിജ്ഞാപനത്തിന്റ ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാധാരണക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാർ  എടുത്ത നടപടികൾ   അടുത്ത വെള്ളിയാഴ്ചക്കകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലെ കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് അറ്റോണി ജനറൽ മുകുൾ റോത്തഗി  ആവശ്യപ്പെട്ടു.

ഈ നടപടി മൂലം രാജ്യത്തെ ജനങ്ങൾ പട്ടിണി കിടിക്കുകയാണെന്ന വാദം ഹ‍ർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ ഉന്നയിച്ചു. തുടർന്നാണ് നോട്ടുകൾ അസാധുവാക്കിയതിനെക്കുറിച്ച് ആർബിഐ ഇറക്കിയ വിജ്ഞാപനത്തിന്റ ഭരണഘടനാസാധുത പരിശോധിക്കുമെന്ന്ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ അന്ന് വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.  

ഇതിനിടെ രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷമാകുകയാണ്. നോട്ടുകൾ അസാധുവാക്കുന്നതിന് മുൻപ് 15,000 കോടിരൂപയുടെ 1000 രൂപ നോട്ടുകളും 20,000 കോടി രൂപയുടെ 500 രൂപ നോട്ടുകളുമാണ് ദിവസവും ഇടപാടിന് വേണ്ടിവന്നിരുന്നത്.നോട്ടുകൾ പിൻവലിച്ചതിന് ശേഷം ഇതിന്റെ 20 മുതൽ 25 ശതമാനം വരെ നോട്ടുകൾ മാത്രമാണ് പകരം എത്തിയത്. മാത്രമല്ല ഇതുവരെ 91,000 എടിഎമ്മുകൾ മാത്രമേ പുനക്രമീകരിച്ചിട്ടുള്ളു.

ഈ സാഹചര്യത്തിൽ ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റലി ലോക്സഭയെ അറിയിച്ചു. പുതിയ അച്ചടി പിശകുള്ള 500 രൂപ നോട്ടുകൾ പുറത്ത് വന്നത് വിവാദമായി. ഇത് ഇപ്പോൾ സ്വീകരിക്കുമെന്നും പിന്നീട് മാറ്റിനൽകുമെന്നും ആർബിഐ വ്യക്തമാക്കി.