മെഡിക്കല്‍-ദന്തല്‍ പ്രവേശനത്തില്‍ കടുത്ത അനിശ്ചിതത്വം തുടരുന്നു. വിവാദമായ ദന്തല്‍ ധാരണയില്‍ നിന്നും പിന്മാറി സര്‍ക്കാര്‍ തടിയൂരിയെങ്കിലും മാനേജ്മെന്റുകള്‍ പിന്നോട്ടില്ല. ഏകീകൃതഫീസ് എന്ന ധാരണയില്‍ നിന്നുള്ള സര്‍ക്കാറിന്റെ പിന്മാറ്റം ഏകപക്ഷീയമാണെന്ന് ദന്തല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കെഎം പരീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം പ്രവേശനം അനിശ്ചിതത്വത്തിലാക്കിയതിന്റെ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു
ദന്തലിലിന് പിന്നാലെ മെഡിക്കലിലും ഏകീകൃതഫീസ് വേണ്ടെന്ന് വെക്കാനാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍ കൃസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെനറുകള്‍ക്ക് മുന്‍വര്‍ഷത്തെ പോലെ ഏകീകൃത ഫീസ് നിശ്ചയിച്ച് സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കിയതും വിവാദമായി. കഴിഞ്ഞ വര്‍ഷത്തെ കരാറിലെ ഫീസ് വ്യവസ്ഥ മാത്രം അംഗീകരിക്കുകയും പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുക്കുകയുമാണ് ചെയ്തത്. മറ്റ് മാനേജ്മെന്റുകളുടെ ഫീസില്‍ തീരുമാനമായിട്ടില്ല. മാനേജ്മെന്റുകളുടെ പ്രതീക്ഷ മുഴുവന്‍ കോടതിയിലാണ്. മുഴുവന്‍ സീറ്റും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നാളെ ഹൈക്കോടതി പരിഗണിക്കും.
