തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ അഖില-ഹാദിയയുടെ അച്ഛന്‍ പരാതി നല്‍കി. വീട്ടില്‍ കയറി സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെതിരെയാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍ പരാതി നല്‍കിയത്. അനുമതിയില്ലാതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതും എന്നും രാഹുല്‍ ഈശ്വര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു..
സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് അതീവ സുരക്ഷയില്‍ കഴിയുന്ന അഖില-ഹാദിയയുടെ വീട്ടിലെത്തി രാഹുല്‍ ഈശ്വര്‍ സെല്‍ഫിയെടുക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അഖില എന്ന ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം നടത്താനും മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പ്രവേശനം അനുവദിക്കാത്ത തരത്തില്‍ സുരക്ഷ ഒരുക്കാനും സുപ്രിം കോടതി നിര്‍ദ്ദേശം നിലനില്‍ക്കെ ആയിരുന്നു ഇത്.
ഹാദിയയും അച്ഛനും ഒരുമിച്ചിരിക്കുന്നതും അമ്മയ്ക്കൊപ്പമുള്ള പ്രത്യേക സെല്‍ഫിയും ഒപ്പം അമ്മ സംസാരിക്കുന്ന ദൃശ്യങ്ങളും രാഹുല്‍ പരസ്യമായി പോസ്റ്റ് ചെയ്തു. അഖില-ഹാദിയ അമ്മയെ മതം മാറ്റാന്‍ ശ്രമിച്ചതായും ഹിന്ദു ദൈവങ്ങള്‍ ശരിയല്ലെന്ന് ഹാദിയ പറഞ്ഞതായും ഉള്ള മേല്‍ക്കുറിപ്പോടു കൂടിയായിരുന്നു ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ലൗവ് ജിഹാദ് ടേപ്പ് എന്ന ഹാഷ് ടാഗിലായിരുന്നു പോസ്റ്റുകളെല്ലാം.
