അന്വേഷണത്തില്‍ പൊലീസിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം

തിരുവനന്തപുരം: സംഗീത‍ജ്ഞന്‍ ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. ലോക്കല്‍ പോലീസിനാണ് ഇതു സംബന്ധിച്ച നിര്‍ദേശം അദ്ദേഹം നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ പൊലീസിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് ക്രൈംബ്രാഞ്ചിനോടും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. 

മകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബാലഭാസ്കറിന്‍റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്. ഡിജിപിയെ നേരില്‍ കണ്ടാണ് ബാലഭാസ്കറിന്‍റെ പിതാവ് സി.കെ.ഉണ്ണി പരാതി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. 

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. 

എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴികളില്‍ വൈരുധ്യം വന്നതോടെയാണ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്‍റെ കുടുംബം ആവശ്യപ്പെട്ടത്. സെപ്തംബർ 25 ന് നടന്ന അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചിരുന്നു.