ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ കെട്ടിടനിര്‍മ്മാണ അനുമതിയ്ക്കായി സമര്‍പ്പിച്ച രേഖകള്‍ ആലപ്പുഴ നഗരസഭയില്‍ തിരിച്ചെത്തിയപ്പോള്‍ അതില്‍ ആധാരവും കരമൊടുക്കിയ രസീതും അടക്കമുള്ള റവന്യൂ രേഖകളില്ലാത്തതില്‍ ദുരൂഹത. ലേക് പാലസ് റിസോര്‍ട്ട് നിര്‍മ്മിച്ച ഭൂമിയുടെ ബി.ടി.ആറില്‍ 90 ശതമാനം ഭൂമിയും കൃഷി നിലമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീരദേശപരിപാലന നിയമമനുസരിച്ച് കായലില്‍ നിന്ന് 100 മീറ്ററിനുള്ളില്‍ നിര്‍മ്മാണം നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും കൃഷി നിലത്ത് നിര്‍മ്മാണം നടത്തണമെങ്കില്‍ ആര്‍.ഡി.ഒയുടെ ഉത്തരവും നിര്‍ബന്ധമായിരിക്കെ ഇത് രണ്ടും ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയലില്ലെന്നതും വലിയ അട്ടിമറി സൂചനയാണ്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നിര്‍മ്മിച്ച നല്‍കിയ 13 കെട്ടിടങ്ങളുടെ ഭൂമിയുടെ സര്‍വ്വേ നമ്പര്‍പോലും കെട്ടിട നമ്പര്‍ നല്‍കിയ രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നതാണ് ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം... 

ആലപ്പുഴ നഗരസഭാ പരിധിയിലെ തിരുമല വാര്‍ഡുള്‍പ്പെടുന്ന കരുവേലി - കൊമ്പന്‍കുഴി പാടശേഖരത്തിന്റെ ഒത്ത നടുവില്‍ വേമ്പനാട്ട് കായലിനോട് ചേര്‍ന്നാണ് മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട്. ഈ കൃഷി നിലത്ത് കായലില്‍ നിന്ന് 10 മീറ്റര്‍ പോലും അകലം പാലിക്കാതെ എങ്ങനെ റിസോര്‍ട്ട് നിര്‍മ്മിച്ചു എന്ന ചോദ്യമാണ് നിര്‍മ്മാണ അനുമതിയ്ക്കായി സമര്‍പ്പിച്ച രേഖകളെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. വിവരാവകാശ നിയമപ്രകാരം നഗരസഭയെ സമീപിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയ മറുപടി, ഫയലുകള്‍ ലഭ്യമല്ലെന്നായിരുന്നു. ഫയലുകള്‍ നഗരസഭയിലെല്ലെന്ന് നേരത്തെ മനസ്സിലാക്കിയ ഞങ്ങള്‍ ലേക് പാലസ് റിസോര്‍ട്ട് നില്‍ക്കുന്ന ഭൂമിയുടെ ബി.ടി.ആര്‍ മുല്ലയ്ക്കല്‍ വില്ലേജ് ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം എടുത്തു. ലേക് പാലസ് റിസോര്‍ട്ടിലെ കെട്ടിടമുള്‍പ്പെടുന്ന ഭൂമിയുടെ 85/1 എന്ന സര്‍വ്വേ നമ്പറിലെ എട്ട് ഏക്കറിലധികം ഭൂമി മുഴുവന്‍ നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുപോലെ 34 കെട്ടിടങ്ങളുണ്ട് നഗരസഭ നമ്പര്‍ നല്‍കിയതില്‍. 

കൃഷിനിലത്ത് കെട്ടിടം നിര്‍മ്മിക്കണമെങ്കില്‍ ഭൂവിനിയോഗ നിയമപ്രകാരം ആര്‍ഡിഒ ഉത്തരവ് നല്‍കിയിരിക്കണം. വേമ്പനാട്ട് കായലില്‍ നിന്ന് 10 മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് നിര്‍മ്മാണം. 100 മീറ്ററിനകത്താണ് നിര്‍മ്മാണമെങ്കില്‍ തീരദേശ പരിപാലന നിയമമനുസരിച്ച് കേന്ദ്രസര്‍ക്കാറിന്റെ അനുവാദം വേണം. ഈ രണ്ട് അനുമതികളും തിരിച്ചെത്തിയ ഫയലുകളില്‍ കാണാനില്ല. ഇതില്‍ ആകെയുള്ളത് കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതി മാത്രമാണ്. സംശയങ്ങള്‍ അവിടെയും തീരുന്നില്ല‍. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം 2011 മാര്‍ച്ചിലും ആലപ്പുഴ നഗരസഭ 14 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ ഇവയില്‍ ഒരൊറ്റ കെട്ടിടത്തിന്റെയും ഭൂമിയുടെ സര്‍വ്വേ നമ്പര്‍ കെട്ടിടനമ്പര്‍ നല്‍കിയ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ബാക്കി എല്ലാ കെട്ടിടങ്ങളുടെയും ഭൂമിയുടെ സര്‍വ്വേ നമ്പര്‍ നഗരസഭ രജിസ്റ്ററില്‍ രേഖപ്പെടുത്തി വച്ചിട്ടുമുണ്ട്. ഇതും സംശയം ഇരട്ടിയാക്കുന്നു. ഫയലുകള്‍ക്കൊപ്പം റവന്യൂ രേഖകളും ആര്‍ഡിഒ ഉത്തരവും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ഒന്നുമില്ലെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാനും സ്ഥിരീകരിക്കുന്നു.

ഫയല്‍ കാണാതായ സമയത്ത് പരിശോധിച്ച അലമാരയിലാണ് ഇപ്പോള്‍ ഈ ഫയല്‍ തിരിച്ചെത്തിയിരിക്കുന്നത്. അതും നിര്‍ണ്ണായകമാവേണ്ട രേഖകളൊന്നുമില്ലാതെ. വാര്‍ത്ത വന്ന് കഴിയുമ്പോള്‍ ഫയലുകള്‍ തിരിച്ചെത്തുന്നു. പക്ഷേ എന്താണോ ആവശ്യമുള്ളത് അത് നശിപ്പിക്കുന്നു. കൃഷിനിലത്ത് റിസോര്‍ട്ട് പണിയാന്‍ ആര്‍.ഡി.ഒ ഉത്തരവ് നല്‍കിയിട്ടുണ്ടാകുമോ? തീരദേശ പരിപാലന നിയമം ലംഘിച്ച് കായലില്‍ നിന്ന് പത്തുമീറ്റര്‍ പോലും വിടാതെ നിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോ? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് നശിപ്പിച്ച് കളഞ്ഞിരിക്കുന്നത്.