ആലപ്പുഴ: മുല്ലയ്ക്കല്‍ ബാലകൃഷ്ണന്റെയും പാപ്പാന്‍ മധുവിന്റെയും പ്രാര്‍ത്ഥന ഫലിച്ചു. ഇഷ്ടതോഴന്‍ മധു ഇന്ന് ബാലകൃഷ്ണന്റെ ഒന്നാം പാപ്പാനായി ചുമതലയേറ്റെടുത്തു. ഒരാഴ്ച നീണ്ട വിരഹദുഖത്തിന് ഇതോടെ പരിഹാരമായി. മുല്ലയ്ക്കല്‍ രാജരാജേശ്വരി ദേവീക്ഷേത്രത്തിലെ ഒന്നാം പാപ്പാനായി തിരികെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെ വൈകിട്ടാണ് മധുവിന് ലഭിച്ചത്. ഇന്ന് രാവിലെ തന്നെ ജോലിയില്‍ പ്രവേശിച്ചു.
എട്ടുകൊല്ലമായി ബാലകൃഷ്ണന്റെ ഒപ്പമുള്ള ഒന്നാം പാപ്പാന്‍ മധുവിനെ കഴിഞ്ഞ രണ്ടിനാണ് കരുനാഗപ്പള്ളി ആദിനാട് ക്ഷേത്രത്തിലേക്ക് അടിയന്തിരമായി സ്ഥലം മാറ്റി ഉത്തരവിട്ടത്. ചുമതലയേറ്റെടുത്തെങ്കിലും മധു അവധിയില്‍ പ്രവേശിച്ചു. മധുവിന്റെ സ്ഥലം മാറ്റം ബാലകൃഷ്ണനെ ദോഷകരമാകുമെന്ന് ആനപ്രേമികള്‍ പറഞ്ഞിരുന്നു. മറ്റ് പാപ്പാന്‍മാരെ അനുസരിക്കാന്‍ ആന തയ്യാറായിരുന്നില്ല. ചികിത്സയും ഭക്ഷണവും മുടങ്ങി. മധു തിരിച്ചുവന്നില്ലെങ്കില്‍ ആനയുടെ ജീവന്‍ പോലും നഷ്ടമാകുമെന്ന സ്ഥിതിയായിരുന്നു. ഇക്കാര്യങ്ങള്‍ ക്ഷേത്രഭരണ സമിതി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മധുവിനെ തിരികെ നിയമിക്കാന്‍ തീരുമാനിച്ചത്.
