പമ്പ: ശബരിമലയിൽ യുവതീപ്രവേശനം നടത്തിയതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠര് രാജീവരോട് വിശദീകരണം തേടി. 14 ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ശബരിമലയിൽ ശുദ്ധിക്രിയ നടത്തണമായിരുന്നെങ്കിൽ തന്ത്രി നടപടിക്രമങ്ങൾ പാലിക്കണമായിരുന്നെന്ന് ദേവസ്വംകമ്മീഷണർ എൻ വാസു പറഞ്ഞു. തന്ത്രിയുടെ നടപടി തെറ്റാണ്. ശബരിമല ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം ദേവസ്വംബോർഡിനാണ്. അത്തരം നടപടിയെടുക്കുന്നതിന് മുമ്പ് ദേവസ്വംബോർഡിനോട് തന്ത്രി അനുമതി തേടണം. ബോർഡിന്‍റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരമൊരു നടപടി എടുക്കാൻ തന്ത്രിക്ക് കഴിയില്ലെന്നും ദേവസ്വം കമ്മീഷണർ വ്യക്തമാക്കി.

ക്ഷേത്രാചാരപ്രകാരമുള്ള താന്ത്രികക്രിയ പാലിക്കാൻ തന്ത്രിക്ക് അവകാശമില്ലേ എന്ന ചോദ്യത്തിന്, അത്തരമൊരു ശുദ്ധിക്രിയ സുപ്രീംകോടതി ഉത്തരവിനെതിരാണെങ്കിൽ അതിന് ദേവസ്വംബോർഡിന്‍റെ അനുമതി തേടിയേ തീരൂ എന്നും എൻ വാസു പറ‍ഞ്ഞു. ദേവസ്വം മാന്വൽ അനുസരിച്ച് ശബരിമല ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശവും ഭരണാധികാരവും ദേവസ്വംബോർഡിനാണെന്നും എൻ വാസു പറഞ്ഞു. 

ഇന്ന് സന്നിധാനത്ത് ചേർന്ന ദേവസ്വംബോർഡിന്‍റെ അവലോകനയോഗത്തിലാണ് തന്ത്രിയോട് വിശദീകരണം തേടാൻ തീരുമാനമായത്.