കേസ് ക്രൈംബ്രാഞ്ചിന് വിട്ടതായും അവര്‍ കേസിന്‍റെ എല്ലാവശവും പരിശോധിക്കുമെന്നും ബെഹ്റ. 

തിരുവനന്തപുരം: കുമ്പസാരരഹസ്യം മുതലാക്കി അഞ്ച് ഓർത്തഡോക്സ് വൈദികർ ഭാര്യയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന ഭര്‍ത്താവിന്‍റെ പരാതിയിലെ ആരോപണങ്ങൾ ഗുരുതരമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ പറ‍ഞ്ഞു. കേസിന്‍റെ പുനരന്വേഷണത്തിന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതായും അവര്‍ കേസിന്‍റെ എല്ലാ വശവും പരിശോധിക്കുമെന്നും ബെഹ്റ പറഞ്ഞു. 

ഭാര്യയെ വൈദികർ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് ഓർത്തഡോക്സ് സഭാനേതൃത്വത്തിന് കൊടുത്ത പരാതി ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പണമടക്കം പ്രലോഭനങ്ങളുണ്ടെന്ന് തിരുവല്ല മല്ലപ്പള്ളി സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കേസ് ഗുരുതരാമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ബഹ്റ പറഞ്ഞത്. 

ഇതിനിടെ കേസില്‍ ആദ്യം മൗനം പാലിച്ച ഓര്‍ത്തഡോക്സ് സഭാ നേതൃത്വം പിന്നീട് സ്വഭാവ ദൂഷ്യത്തിന് അഞ്ച് വൈദികരെ താല്‍കാലികമായി ചുമതലകളിൽ നിന്ന് നീക്കി. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും തുമ്പമണ്‍, ദില്ലി ഭദ്രാസനത്തിലെ ഒരോ വൈദികരെയുമാണ് താല്ക്കാലികമായി ചുമതലകളിൽ നിന്ന് നീക്കിയത്.

സഭാ നേതൃത്വത്തിന് പരാതി നൽകിയതിന് ശേഷം പല തലങ്ങളിൽ ഒത്തുതീർപ്പിന് സമ്മർദമുണ്ടായെന്ന് യുവാവ് പറഞ്ഞു. ഉന്നത ഇടപെടലും മാനഹാനിയും ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നത്. വൈദികർക്കെതിരെ വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നും മല്ലപ്പള്ളി സ്വദേശി പറഞ്ഞു. ഇതിനിടെ പരാതി കിട്ടിയതായി നിരണം ഭദ്രാസനാധിപനും ശരിവച്ചു. അതേസമയം ചുമതലകളിൽ നിന്ന് നീക്കിയ വൈദികരിൽ ചിലര്‍ ഇപ്പോഴും പള്ളികളിൽ ശുശ്രൂഷ നടത്തുന്നുണ്ടെന്ന് പരാതിക്കാരനായ തിരുവല്ല മല്ലപ്പള്ളി സ്വദേശി പറഞ്ഞു. തന്‍റെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് പുന:സ്ഥാപിക്കാൻ യുവാവ് ഫേസ്ബുക്കിന് പരാതി നൽകി. 

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഓർത്തഡോക്സ് സഭ പ്രത്യേകം കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. വൈദികർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാകൂവെന്നും സഭ നേതൃത്വം വ്യക്തമാക്കി. ഓർത്തഡോക്സ് സഭാ ലൈംഗികപീഡന പരാതിയിൽ സംസ്ഥാന വനിതാകമ്മീഷൻ ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു.