പണം പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റ മറവിലാണ് ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെ രഹസ്യ ഫണ്ട് തിരിമറി നടത്താന്‍ നീക്കം നടന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ബുധനാഴ്ച രഹസ്യ ഫണ്ടില്‍ നിന്നും 2500 രൂപ വെച്ച് 36 ഡി.വൈ.എസ്‌.പിമാര്‍ക്ക് നല്‍കിയത്. രേഖകളില്‍ 2500 രൂപ 12500യാക്കി മാറ്റാന്‍ ഉന്നതന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊലീസ് ആസ്ഥാനത്തെ രഹസ്യ ഫണ്ട് മുഴുവന്‍ ചെലവാക്കിയെന്ന് വരുത്താനായിരുന്നു ഉന്നതന്റെ നീക്കം. കൃത്രിമം നടത്താന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥ വഴങ്ങാതിരുന്നപ്പോള്‍ സമ്മര്‍ദ്ദമുണ്ടായി. പരാതി ഡി.ജി.പിയുടെ അടുത്തുമെത്തി. ഫണ്ട് തിരിമറിക്കാനുള നീക്കം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നു. ഇതേ തുടര്‍ന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ചിലെ രഹസ്യ ഫണ്ട് വിനിയോഗം മരവിപ്പിക്കുകയും ചെയ്തതായി ഡി.ജി.പി അറിയിച്ചു.