രാജ്യം മുഴുവൻ ഭീകരാക്രമണത്തിൽ മരിച്ച സൈനികരെ ഓർത്ത് വിലപിക്കുമ്പോൾ പ്രിയങ്ക ഗാന്ധി പൊട്ടിച്ചിരിക്കുന്നു എന്ന വിശേഷണത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്നത്. കഴുകൻമാർ, രക്തദാഹികൾ, രാജ്യദ്രോഹികൾ തുടങ്ങിയ വിശേഷണങ്ങളുമുണ്ട്. എന്നാൽ എന്താണ് ഇതിന്‍റെ സത്യം?

ദില്ലി:പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിനിടെ പ്രിയങ്ക ഗാന്ധി ചിരിച്ചു എന്നാണ് പുതിയ വിവാദം. രാജ്യം മുഴുവൻ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത് സൈനികരെ ഓർത്ത് വിലപിക്കുമ്പോൾ 'പ്രിയങ്ക ഗാന്ധി പൊട്ടിച്ചിരിക്കുന്നു' എന്ന വിശേഷണത്തോടെ ഈ വിവാദം സമൂഹമാധ്യമങ്ങളിൽ പറക്കുകയാണ്. കഴുകൻമാർ, രക്തദാഹികൾ, രാജ്യദ്രോഹികൾ തുടങ്ങിയ വിശേഷണങ്ങളുമായി നിരവധിപ്പേർ ഈ ആരോപണം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പങ്കിടുകയും ചെയ്യുന്നു.

പ്രിയങ്കയുടെ വാർത്താസമ്മേളനത്തിനിടയിൽ നിന്ന് മുറിച്ചെടുത്ത 11 സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള വീഡിയോ അങ്കുർ സിംഗ് എന്നയാൾ ഈ ആരോപണത്തോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു. ഈ വീഡിയോ മാത്രം ആയിരത്തോളം പേരാണ് പങ്കിട്ടത്. ഈ വാർത്ത തയ്യാറാക്കുന്ന സമയത്ത് അര ലക്ഷത്തിലേറെപ്പേർ ഈ ദൃശ്യം കാണുകയും ചെയ്തു. ഇയാളെക്കൂടാതെ മറ്റുപലരും 'ജവാന്മാർ മരിച്ചുകിടക്കുമ്പോൾ പ്രിയങ്കയുടെ ചിരി' എന്ന കുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

Scroll to load tweet…

എന്നാൽ ഈ പ്രചരിപ്പിക്കുന്ന ഈ വീഡിയോയിൽ 'ബഹുത് ബഹുത് ധന്യവാദ്' എന്നുമാത്രമാണ് പ്രിയങ്ക പറയുന്നത്. സ്ലോമോഷനിലാക്കിയ വീഡിയോയിൽ പ്രിയങ്ക വാർത്താസമ്മേളനത്തിന് ഒടുവിൽ നന്ദി പറയുന്ന ഭാഗമാണ് ചുണ്ടുകളുടെ ചലനം തെറ്റിദ്ധരിപ്പിച്ച് 'പൊട്ടിച്ചിരിക്കുന്നു' എന്ന വിശേഷണത്തോടെ പ്രചരിപ്പിക്കുന്നത്.

പ്രിയങ്കയുടെ വാർത്താസമ്മേളനത്തിന്‍റെ പൂർണ്ണരൂപം ചുവടെ കാണാം.

ചില രാഷ്ട്രീയ കാര്യങ്ങൾ പറയാനാണ് താൻ വാർത്താസമ്മേളനം വിളിച്ചതെന്നും എന്നാൽ പുൽവാമയിലെ ഭീകരാക്രമണം നടന്ന സാഹചര്യത്തിൽ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് പ്രിയങ്ക വാർത്താസമ്മേളനത്തിൽ പറയുന്നുണ്ട്. രാജ്യം മുഴുവൻ ഒപ്പമുണ്ടെന്നാണ് ആക്രമണത്തിൽ മരിച്ച ജവാൻമാരുടെ കുടുംബങ്ങളോട് പറയാനുള്ളതെന്നും പ്രിയങ്ക പറഞ്ഞു. തുടർന്ന് ആക്രമണത്തിൽ മരിച്ച ജവാൻമാർക്കുവേണ്ടി രണ്ടുമിനുട്ട് മൗനം ആചരിക്കാമെന്ന് അവർ മാധ്യമപ്രവർത്തകരോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതിന് ശേഷം നന്ദി പറഞ്ഞ് എഴുന്നേൽക്കുന് ഭാഗമാണ് 'പൊട്ടിച്ചിരി' എന്ന മട്ടിൽ സംഘടിതമായി പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ വാർത്താസമ്മേളനത്തിന്‍റെ ഒരു ഭാഗത്തും പ്രിയങ്ക ചിരിക്കുന്നില്ല.