ബെംഗളുരു: ഓമനിച്ചു വളര്‍ത്തുന്ന പൊന്നോമന നായയേയും, പൂച്ചയേയും, പക്ഷികളെയും കൊണ്ട് ബസില്‍ സഞ്ചരിക്കാന്‍ അനുവാദം നല്‍കി കര്‍ണാടക ആര്‍ടിസി. നായയ്ക്ക് ഫുള്‍ ചാര്‍ജ് ഈടാക്കും. മുയല്‍, പൂച്ച, പക്ഷികള്‍ എന്നിവയ്ക്ക് ഹാഫ് ടിക്കറ്റ് നല്‍കിയാല്‍ മതി. കര്‍ണാടക ആര്‍ടിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് പുതിയ നിര്‍ദേശങ്ങള്‍.
വളര്‍ത്തു മൃഗങ്ങളെ ബസില്‍ കയറ്റാന്‍ അനുവദിക്കാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പുതിയ സര്‍ക്കുലറിലൂടെ വളര്‍ത്തു മൃഗങ്ങളെ ബസില്‍ കൊണ്ടുപോകരുതെന്ന നിബന്ധന കര്‍ണാടക ആര്‍ടിസി അധികൃതര്‍ എടുത്തു കളഞ്ഞിരിക്കുകയാണ്. വളര്‍ത്തുമൃഗങ്ങളെ ബസില്‍ കൊണ്ടുപോകുന്നവര്‍ മറ്റു യാത്രക്കാര്‍ക്കോ, ജീവനക്കാര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കുക, സീറ്റുകള്‍ നശിപ്പിക്കുക, തുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായാല്‍ ഉതത്തരവാദി ഉടമയായിരിക്കും.
വളര്‍ത്തുമൃഗങ്ങള്‍ ബസില്‍ നാശനഷ്ടം വരുത്തിയാല്‍ ഉടമ നഷ്ടപരിഹാരം നല്‍കാനും ബാധ്യസ്ഥനാണ്. വളര്‍ത്തു മൃഗങ്ങളുമായി കയറുന്നവരോട് ജീവനക്കാര്‍ മാന്യമായി പെരുമാറണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ബസില്‍ കൊണ്ടുപോകാവുന്ന ലഗേജിനും അധികൃതര്‍ നിയന്ത്രണങ്ങള്‍ വരുത്തി. ലഗേജ് 30 കിലോയില്‍ കൂടിയാല്‍ ഓരോ യൂണിറ്റിനും 10 രൂപ വെച്ച് ഈടാക്കും, 20 കിലോ ആണ് ഒരു യൂണിറ്റ്. കുട്ടികള്‍ക്ക് കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജിന്‍റെ ഭാരം പരമാവധി 15 കിലോ ആയിരിക്കും.
