താരമായും പരിശീലകനായും കിരീടമുയര്‍ത്തിയിട്ടുള്ളത് ബെക്കന്‍ ബോവര്‍ മാത്രം ഇന്ന് ജയിച്ചാല്‍ ഫ്രാന്‍സിന്‍റെ ദെഷാംസിനും ചരിത്രനേട്ടം സ്വന്തമാക്കാം

മോസ്കോ: ലോക ഫുട്ബോളില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയ താരമാണ് ഡിഗോ മറഡോണയെന്ന അര്‍ജന്‍റീനക്കാരന്‍. ലോക കിരീടത്തില്‍ മുത്തമിട്ട പ്രതിഭാസം കാല്‍പന്തുലോകത്തെ ഏറ്റവും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്. കളിക്കാരനെന്ന നിലയില്‍ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയാണ് മറ‍ഡോണ ബൂട്ടയിച്ചതെങ്കിലും അര്‍ജന്‍റീനയ്ക്ക് വേണ്ടി ഒരു ലോക കിരീടം കൂടി സ്വന്തമാക്കാനായി അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.

പരിശീലകന്‍റെ വേഷത്തില്‍ മറഡോണ മടങ്ങിയെത്തിയപ്പോള്‍ 2010 ലെ ലോകകിരീടം ആരാധകര്‍ സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ജര്‍മനിയുടെ വീര്യത്തിന് മുന്നില്‍ പത്തിമടക്കി അന്ന് മറഡോണയും സംഘവും മടങ്ങി. പരിശീലകനായും താരമായും ലോകകപ്പ് ഉയര്‍ത്തുകയെന്ന സ്വപ്നം കൂടിയാണ് പൊലിഞ്ഞത്.

ചരിത്രത്തില്‍ ബെക്കന്‍ ബോവറെന്ന ജര്‍മന്‍ ഇതിഹാസം മാത്രമാണ് അങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 1974-ല്‍ കിരീടം ചൂടിയ ജര്‍മനിയുടെ നായകനായിരുന്ന ബോവറിന്‍റെ കുട്ടികളാണ് 1990 ല്‍ ജര്‍മനിക്ക് വേണ്ടി കിരീടമുയര്‍ത്തിയത്. ചരിത്രത്തിലെ രണ്ടാമനാകാന്‍ കേവലം ഒരു ജയം മാത്രം മതി ദിദിയര്‍ ദെഷാംസിന്.

നായകനായും പരിശീലകനായും വിശ്വ കിരീടം സ്വന്തമാക്കുന്ന രണ്ടാമനെന്ന ചരിത്ര നേട്ടമാണ് മുന്‍ ഫ്രഞ്ച് നായകനെ കാത്തിരിക്കുന്നത്. സിനദിന്‍ സിദാന്‍റെ പടയോട്ടത്തില്‍ ബ്രസീലിനെ കണ്ണീരിലാഴ്ത്തി കിരീടം നേടുമ്പോള്‍ 1998 ല്‍ പടനായകന്‍റെ വേഷത്തില്‍ ദെഷാംസുണ്ടായിരുന്നു. തന്ത്രങ്ങളുടെ ആശാനായി അറിയപ്പെടുന്ന ദെഷാംസ് ഇക്കുറി പാരിസില്‍ കിരീടമെത്തിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. കളിക്കാരനായും പരിശീലകനായും ലോകകപ്പ് ആദ്യമായി നേടിയത് ബ്രസീലിന്‍റെ മരിയോ സാഗല്ലെയാണ്. എന്നാല്‍ അദ്ദേഹം നായകനായിരുന്നില്ല