ദില്ലി: പ്രധാനമന്ത്രിയുടെ പാകിസ്ഥാൻ പരാമര്‍ശത്തിൽ പാര്‍ലമെന്‍റിൽ കോൺഗ്രസും  ബിജെപിയും  ഒത്തുതീര്‍പ്പിലെത്തി. മൻമോഹൻസിംഗിന്‍റേയും ഹമീദ് അൻസാരിയുടേയും രാജ്യസ്നേഹത്തെ നരേന്ദ്രമോദി ചോദ്യം ചെയ്തിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലിയുടെ വിശദീകരണം രാജ്യസഭയിൽ കോൺഗ്രസ് അംഗീകരിച്ചു. കുൽഭൂഷൺ ജാദവ് വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നാളെ പാര്‍ലമെന്‍റിൽ പ്രസ്താവന നടത്തും

ഗുജറാത്തിൽ ബിജെപിയെ തോൽപ്പിക്കാൻ മൻമോഹൻസിംഗും ഹമീദ് അൻസാരിയും പാകിസ്ഥാനുമായി ഗൂഢാലോചന നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തി മാപ്പ് പറയണമെന്ന ആവശ്യത്തിലാണ് കോൺഗ്രസ് വിട്ട് വീഴ്ച്ചയ്ക്ക് തയ്യാറായത്. സമവായമായതോടെ ശൈത്യകാല സമ്മേളനം തുടങ്ങിയതുമുതൽ പാര്‍ലമെന്‍റ് നടപടികൾ തസ്സപ്പെടുത്തിയ വിവാദം ഇതോടെ കെട്ടടങ്ങി.

അതിനിടെ കുൽഭൂഷൺ ജാദവിന്‍റെ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചതിലും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയുടെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലും പാര്‍ലമെന്‍റ് നടപടികൾ ഇന്നും തസപ്പെട്ടു. കുൽഭൂഷൺ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നൽകണമെന്നും കുൽഭൂഷനെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ലോക്സഭയിൽ പ്രതിപക്ഷ ബഹളം.  

വിഷയത്തിൽ രാജ്യസഭയിൽ രാവിലെ പതിനൊന്നിനും ലോക്സഭയിൽ 12നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിശദീകരണം നൽകും. മതേതരത്വം എന്ന വാക്ക് എടുത്തുമാറ്റി ഭരണഘടന ഭേദഗതി ചെയ്യുമെന്നും മതേതരവാദികൾ പൈതൃകമില്ലാത്തവരുമാണെന്ന കേന്ദ്ര നൈപുണ്യവികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയുടെ വിവാദ പരാമര്‍ശത്തിലായിരുന്നു രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. ഹെഗ്ഡെയുടെ അഭിപ്രായം കേന്ദ്രസര്‍ക്കാരിന്‍റേതല്ലെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയൽ വിശദീകരിച്ചു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് ലോക്സഭ നാളെ പരിഗണിക്കാനിരിക്കെ ബിജെപി എംപിമാര്‍ക്ക് വിപ്പ് നൽകി.