ബ്യൂണസ് ഐറസ്; മുന്‍ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കുമെതിരെ മോഷണക്കുറ്റം ആരോപിച്ച് ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണ. ഇരുവരും ചേര്‍ന്ന് പതിനഞ്ച് വര്‍ഷത്തിനിടെ തന്റെ 3.4 മില്ല്യണ്‍ പൗണ്ട് സ്വത്ത് കവര്‍ന്നെന്നാണ് മറഡോണയുടെ ആരോപണം. മോഷണം നടത്തിയ പെണ്‍മക്കളിലൊരാളെ അറസ്റ്റ് ചെയ്ത് തടവിലിടണമെന്നും മര്‍ഡോണ ആവശ്യപ്പെടുന്നുണ്ട്.
മുന്‍ഭാര്യയായ ക്ലൗഡിയ വിലാഫന്‍, മക്കളായ ഡാല്‍മ ഗിയാനിയ എന്നിവര്‍ക്കെതിരെയാണ് മറഡോണയുടെ ആരോപണം. തന്റെ സ്വത്തില്‍ നിന്നും കട്ടെടുത്ത പണം അമ്മയും മക്കളും ഉറുഗ്വോയിലെ ബാങ്കില്‍ നിക്ഷേപിക്കുകയും പിന്നെ ആ പണം കൊണ്ട് അമേരിക്കയില്‍ വീട് വാങ്ങുകയും ചെയ്തുവെന്നാണ് മറഡോണ പറയുന്നത്.
മറഡോണയുടെ അഭിഭാഷകനെ ഉദ്ധരിച്ച് സ്പാനഷ് പത്രമായ മാര്‍കയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് കേസ് കോടതിയില്‍ നടക്കുന്നതിനിടെ ഗിയാനിയ ആഗസ്റ്റ് 31-ന് രാത്രി അര്‍ജന്റീനയില്‍ നിന്നും ഉറുഗ്വോയിലേക്ക് പാവുകയും മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്ത് തിരിച്ചെത്തുകയും ചെയ്തുവെന്ന് മറഡോണയുടെ അഭിഭാഷകന്‍ സംഭവത്തിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇതിലും കടുത്ത അനുഭവങ്ങള്‍ തനിക്ക് പിതാവില്‍ നിന്നുമുണ്ടായിട്ടുണ്ടെന്നും അപ്പോഴെല്ലാം ക്ഷമിച്ചത് പോലെ ഇപ്പോഴും അദ്ദേഹത്തോട് ക്ഷമിക്കുകയാണെന്നുമായിരുന്നു ഗിയാനിയയുടെ പ്രതികരണം. 1997-ല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച മറഡോണ 1998-ലാണ് വിലാഫാനെ വിവാഹം ചെയ്തത് പിന്നീട് 2003-ല്‍ ഇരുവരും ബന്ധം വേര്‍പിരിയുകയും ചെയ്തിരുന്നു.
