Asianet News MalayalamAsianet News Malayalam

വിദേശ യാത്രാ അനുമതി തേടി ദീലീപ് വീണ്ടും കോടതിയിൽ; ഒന്നരമാസം ജർമ്മനിയിൽ പോകാനാണ് അപേക്ഷ

വിദേശ യാത്രാ അനുമതി തേടി ദീലീപ് വീണ്ടും കോടതിയിൽ. ഒന്നരമാസം ജർമ്മനിയിൽ പോകാനാണ് അപേക്ഷ. പ്രോസിക്യൂഷൻ കോടതിയില്‍ എതിർപ്പ് അറിയിച്ചു. വിചാരണ നീട്ടാനുള്ള ആസൂത്രിത നീക്കമെന്ന് പ്രോസിക്യൂൻ.

dileep again approches high court for travel abroad
Author
Kochi, First Published Nov 6, 2018, 5:59 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് വിദേശ യാത്രാ അനുമതി തേടി വീണ്ടും കോടതിയിൽ. സിനിമ ചിത്രീകരണത്തിനായി ഒന്നരമാസം ജർമ്മനിയിൽ പോകാൻ അനുവദിക്കണമെന്നാണ് പുതിയ  ആവശ്യം. എന്നാൽ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിയുടേതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഡിസംബർ പതിനഞ്ച് മുതൽ ജനുവരി മുപ്പത് വരെ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകുന്നതിനായി പാസ്പോർട്ട് വിട്ടുകിട്ടുന്നതിനാണ് ദിലീപ് കോടതിയെ സമീപിച്ചത്. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ആവശ്യാർത്ഥമാണ് യാത്രയെന്നും ഹർജിയിൽ ദിലീപ് വ്യക്തമാക്കുന്നു. എന്നാൽ കുറ്റപത്രം സമർപ്പിച്ച് വിചാരണയിലേക്ക് കടക്കുന്ന കേസിൽ പ്രതി ദീർഘകാലം വിദേശത്ത് പോയാൽ വിചാരണ നീണ്ടുപോകുമെന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കഴിഞ്ഞ വർഷം നവംബറിൽ കോടതിയിൽ സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ തുടങ്ങാനായിട്ടില്ല. 

ദിലീപ് അടക്കമുള്ള പ്രതികൾ വിവിധ ആവശ്യങ്ങളുമായി കോടതിയിൽ നൽകുന്ന നിരന്തര ഹർജികളാണ് ഇതിന് തടസ്സമാകുന്നത്. ഇത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ദിലീപിന്‍റെ യാത്രയിൽ ആരൊക്കെയുണ്ട്, താമസം എവിടെ എന്നതെല്ലാം മറച്ചുവെക്കുന്നു. നടിയെ ആക്രിമിച്ച കേസിലെ പ്രധാന സാക്ഷികൾ പലരും സിനിമ മേഖലയിലുള്ളവരാണ്. സിനിമി ചിത്രീകരണത്തിനെന്നപേരിലുള്ള യാത്ര സാക്ഷികളെ സ്വാധീനിക്കാനാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. എന്നാൽ വിസ സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കണമെന്നും കോടതി നിർദ്ദേശിക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഈ മാസം 9-ന് വീണ്ടും പരിഗണിക്കും.

Follow Us:
Download App:
  • android
  • ios