കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് സർക്കാർ സത്യവാങ്മൂലവും സമർപ്പിക്കും.

അറസ്റ്റാലിയായി മുപ്പത്തിയേഴാമത്തെ ദിവസമാണ് ദിലീപിന്‍റെ ജാമ്യഹ‍ർ‍ജി മൂന്നാം തവണ വാദത്തിനെത്തുന്നത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യ ഹ‍ർജികൾ തളളിയിരുന്നു. ദിലിപീന്‍റെ വാദവും പ്രോസിക്യൂഷൻ വാദവും ഇന്നുണ്ടായേക്കും. ജാമ്യഹർജിയിൽ ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് പൊലീസ് സത്യവാങ്മൂലത്തിലൂടെ മറുപടി നൽകുന്നുണ്ട്.

മുൻപ് ജാമ്യ ഹർജി തളളാൻ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ ഇനി നിലനിൽക്കില്ലെന്നാണ് ദിലീപിന്‍റെ പ്രധാനം വാദം. പ്രധാന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് തന്നെ കെട്ടിച്ചമച്ചതെന്നും വാദിക്കും. എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽതകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനായി അന്വേഷണം തുടരുന്നു, ദിലീപിന്‍റെ മാനേജർ അപ്പുണ്ണിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല എന്നീ കാര്യങ്ങളും കോടതിയെ അറിയിക്കും. ദിലീപിന് ജാമ്യം നൽകിയാൽ പ്രധാന സാക്ഷികളെയടക്കം സ്വാധീനിക്കുമെന്നും പൊലീസ് ഉന്നയിക്കും.