എറണാകുളം: സര്‍ക്കാറിന്‍റെ വാദത്തില്‍ മാത്രമല്ല ഹൈക്കോടതി ദിലീപിന്‍റെ ജാമ്യഹര്‍ജി തള്ളിയത്. അഞ്ച് വോളീയങ്ങളായി സമര്‍പ്പിച്ച കേസ് ഡയറി പരിശോധിച്ചാണ് ദിലീപിനെതിരെ കേസില്‍ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് ഹൈക്കോടതി പറയുന്നത്. ഇതാണ് ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണമായി കോടതി പറയുന്നത്. പ്രോസീക്യൂഷന്‍റെ കയ്യില്‍ ദിലീപിനെതിരായ തെളിവുണ്ടെന്ന് കോടതിക്ക് ബോധ്യമായി.

ഇനിയും ഈ കേസുമായി ബന്ധപ്പെട്ട തെളിവുകളും, പ്രതികളും ലഭിക്കേണ്ടിയിരിക്കുന്നു. കേസിലെ പ്രധാന തുമ്പായ ദൃശ്യങ്ങളും, മൊബൈല്‍ ഫോണും നേരിട്ട് ലഭിക്കേണ്ടതുണ്ട്. അത് കിട്ടാത്തതിനാല്‍ ദിലീപ് പുറത്തിറങ്ങുന്നത് അപകടമെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറിയില്‍ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു എന്ന് കോടതി കണ്ടെത്തി.

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന നടിക്കെതിരായ ആക്രമണത്തില്‍ നടിക്കെതിരെ ദിലീപിന് വൈരമുണ്ടെന്ന് തെളിയിക്കാന്‍ പറ്റുന്ന കണ്ടെത്തല്‍ പോലീസ് നല്‍കിയിട്ടുണ്ടെന്ന് കോടതി അഭിപ്രായപ്പെടുന്നു. പ്രതിയുടെ വിവാഹ ജീവിതം തകര്‍ത്തത് നടിയാണെന്ന ധാരണയില്‍ ദിലീപ് ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് തെളിയിക്കാവുന്ന സാഹചര്യ, സാങ്കേതിക തെളിവുകള്‍ പ്രോസീക്യൂഷന്‍റെ കയ്യിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു.