കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമ‍ര്‍പ്പിച്ചു. ജാമ്യാപേക്ഷയില്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

കേസില്‍ തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് ദിലീപിന്റെ വാദം. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ് ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്. കേസില്‍ ദിലീപിനെതിരെ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്ന നിലപാടിലാണ് പ്രതിഭാഗം.

ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എങ്ങനെ സമൂഹം അംഗീകരിക്കുന്ന നടനെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് അഭിഭാഷകരുടെ വാദം.ഹൈക്കോടതി കേസ് ഡയറി അടക്കം വിളിച്ചുവരുത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെടും. ഈ സാഹചര്യം മുന്നില്‍ കണ്ട് കേസ് ഡയറിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് നീക്കം.

നിലവിലുള്ള തെളിവുകള്‍ക്ക് പുറമെ കൂടുതല്‍ ശാസ്‌ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ മുദ്ര വെച്ച കവറില്‍ ആവശ്യമെങ്കില്‍ കോടതിയില്‍ നല്‍കും. നിലവില്‍ അന്വേഷണം നടക്കുന്ന കേസില്‍ മുഖ്യപ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പ്രോസിക്യൂഷന്‍ വാദിക്കും.

കേസില്‍ നിര്‍ണ്ണായ വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പിടികൂടാനുള്ള നീക്കവും ഊര്‍ജിതമാണ്. പോലീസ് വിളിപ്പിച്ചതിന് ശേഷം അപ്പുണ്ണി ഒളിവിലാണ്. ഇതിനിടെ മുഖ്യപ്രതി സുനില്‍ കുമാറിന്‍റെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പിടികൂടാനുള്ള നീക്കവും ശക്തമാക്കി. ഇതിന്‍റെ ഭാഗമായി ഇയാളുമായി അടുപ്പമുള്ളവരെയും ചോദ്യം ചെയ്യുന്നുണ്ട്. പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.