ചെന്നൈ: ശശികലയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ അമ്മാ പാർട്ടിയിൽ അധികാരത്തർക്കം രൂക്ഷം. എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഭീഷണിയായി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരന് 22 എംഎൽഎമാർ ഇന്ന് തുറന്ന പിന്തുണ പ്രഖ്യാപിച്ചു. കൂടുതൽ എംഎൽഎമാർ ദിനകരൻ പക്ഷത്തേയ്ക്ക് പോകാതിരിയ്ക്കാൻ സെക്രട്ടേറിയറ്റിൽ എംഎൽഎമാരെ ഓരോരുത്തരെയായി നേരിട്ടുകാണുകയാണ് മുഖ്യമന്ത്രി.
ലയനം നടക്കാൻ രണ്ട് മാസം കാത്തിരിയ്ക്കാനാണ് തനിക്ക് ലഭിച്ച നിർദേശമെന്നാണ് പരപ്പന അഗ്രഹാര ജയിലിലെത്തി ശശികലയെ കണ്ടുമടങ്ങുമ്പോൾ ദിനകരൻ പറഞ്ഞത്. എന്നാൽ ദിനകരനെയും ശശികലയെയും പുറത്താക്കിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ഇപിഎസ് പക്ഷം ഇന്ന് സെക്രട്ടേറിയറ്റിലെ എല്ലാ മുറികളിലും എടപ്പാടി പളനിസ്വാമിയുടെ ചിത്രങ്ങൾ വെച്ചു.
എന്നാൽ മുൻമന്ത്രിമാരടക്കം 22 എംഎൽഎമാർ ടിടിവി ദിനകരന്‍റെ വീട്ടിലെത്തി തുറന്ന പിന്തുണ പ്രഖ്യാപിച്ചത് എടപ്പാടി പക്ഷത്തുണ്ടാക്കിയ ആശങ്ക ചെറുതല്ല. ദിനകരൻ പക്ഷം പിന്തുണ പിൻവലിയ്ക്കാൻ തീരുമാനിച്ചാൽ 234 അംഗ നിയമസഭയിൽ 117 പേരുടെ കേവലഭൂരിപക്ഷം തികയ്ക്കാൻ എടപ്പാടി മന്ത്രിസഭയ്ക്ക് കഴിയില്ല.
ഒപിഎസ് പക്ഷവുമായി എടപ്പാടി പക്ഷം ചർച്ച നടത്തിയാലും മുഖ്യമന്ത്രിപദത്തിന്‍റെ കാര്യത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്യില്ല. മൂന്നാം അണി രൂപീകരിയ്ക്കാൻ ഉദ്ദേശമില്ലെന്നും എന്നാൽ പാർട്ടി നേതൃത്വത്തിനെതിരെ പ്രസ്താവന നടത്തിയ ധനമന്ത്രി ഡി ജയകുമാർ ഉൾപ്പടെയുള്ളവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ദിനകരൻ ക്യാംപ് വ്യക്തമാക്കി.
