പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി കുരങ്ങ് മലയിൽ യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു. കുരങ്ങുമല സ്വദേശി ചരിവ് കാലയിൽ പ്രവീൺ എന്ന റിജോ ആണ് മരിച്ചത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കുരങ്ങുമലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവ് കുത്തേറ്റ് മരിച്ചത്. സമീപത്തെ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് പ്രദക്ഷിണം കടന്ന് പോയപ്പോൾ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രവീണിനെ സംഘമായെത്തി കുത്തുകയായിരുന്നു. കുത്ത് തടയാൻ ശ്രമിച്ച സുഹൃത്ത് സന്തോഷിന്  പരിക്കേറ്റു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കുരങ്ങുമല സ്വദേശികളായ അഞ്ച് പേർക്കെതിരെ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അയൽവാസിയായ ദീപുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി കേസുകളിൽ പ്രതിയാണ് ദീപു. പ്രദേശത്ത് നേരത്തെയും  അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പൊലീസ് ഫോറൻസിക് സംഘം കൊലപാതകം നടന്ന റോഡിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.  പ്രവീണിന്‍റെ മൃതശരീരം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിൽ പോസ്റ്റ്മോർട്ടത്തിന്  ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ലോഡിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട പ്രവീൺ.