കുമളി: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കെ എസ് ആര് ടി സി ബസില്‍ കടത്തിക്കൊണ്ടു വന്ന വന്‍ സ്‌ഫോടക വസ്തുക്കള്‍ കുമളിയിലെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പിടികൂടി. നാലു ബാഗുകളില്‍ കൊണ്ടു വന്ന ഡിറ്റണേറ്ററുകളാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്തവയില്‍ 3000 ഇലക്ട്രിക് ഡിറ്റണേറ്ററുകളും 25,500 സാധാരണ ഡിറ്റണേറ്ററുകളുമുണ്ട്. മധുരയില്‍ നിന്നും തിരുവല്ലയിലേക്കു വന്ന ബസ്സിലാണിവ കടത്തിക്കൊണ്ടു വന്നത്. കമ്പത്തു നിന്നും കയറിയ മൂന്നുപേരാണ് ഇവ കൊണ്ടു വന്നതെന്ന് ബസ്സ് ജീവനക്കാര്‍ പറഞ്ഞു. ചെക്കു പോസ്റ്റില്‍ പരിശോധനക്കായി ബസ്സ് നിര്‍ത്തിയപ്പോള്‍ ഇവര്‍ ഇറങ്ങി രക്ഷപ്പെട്ടു. പിടിയിലായ സ്‌ഫോടക വസ്തുക്കള്‍ പൊലീസിനു കൈമാറി. ചെക്കു പോസ്റ്റിനടുത്ത് പൊലീസ് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ നിന്നും ഇവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.