ചെന്നൈ: ഡിഎംകെ അദ്ധ്യക്ഷന്‍ എം. കരുണാനിധിയുടെ 93 ആം പിറന്നാളാഘോഷങ്ങള്‍ക്ക് ബിജെപി നേതാക്കളെ ക്ഷണിയ്‌ക്കേണ്ടെന്ന് ഡിഎംകെ തീരുമാനിച്ചു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം ജൂണ്‍ 3 ന് ചെന്നൈയില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കും. വരാനിരിയ്ക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പു തന്നെയാകും പരിപാടിയിലെ അനൗദ്യോഗിക ചര്‍ച്ചാവിഷയം.

തമിഴകരാഷ്ട്രീയത്തിലെ അതികായനായ കലൈഞ്ജര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയതിന്റെ 75 ആം വാര്‍ഷികം കൂടിയാണ് ജൂണ്‍ 3. തലൈവരുടെ പിറന്നാള്‍ ദിനമായ അന്ന്, വിപുലമായ ആഘോഷപരിപാടികളാണ് ഡിഎംകെ ഒരുക്കുന്നത്. മക്കളായ കനിമൊഴിയും സ്റ്റാലിനും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രീയനേതാക്കളെയെല്ലാം ക്ഷണിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് വേണ്ടി തൃണമൂല്‍ വക്താവ് ഡെറക് ഒബ്രയന്‍ തുടങ്ങി, രാജ്യത്തെ പ്രതിപക്ഷം മുഴുവന്‍ പരിപാടിയില്‍ അണി നിരക്കും. എന്നാല്‍ ഒരു ബിജെപി നേതാവിന് പോലും പരിപാടിയിലേയ്ക്ക് ക്ഷണമില്ല.
പരിപാടിയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഒരു ചര്‍ച്ചാ വിഷയമല്ലെന്നാണ് ഡിഎംകെ പ്രവര്‍ത്തനാദ്ധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ നിലപാട്. എന്നാല്‍ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആരെ നിര്‍ദേശിയ്ക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനിടയില്‍ സമവായമുണ്ടാക്കാന്‍ ആഘോഷങ്ങള്‍ക്കിടെ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുമെന്നുറപ്പാണ്. പ്രണാബ് മുഖര്‍ജിയ്ക്ക് രണ്ടാമൂഴം നല്‍കണമെന്ന് നിതീഷ് കുമാര്‍ പറയുമ്പോള്‍, എന്‍സിപിയുള്‍പ്പടെ മുന്നോട്ടുവെയ്ക്കുന്നത് ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേരാണ്. അനാരോഗ്യം മൂലം കരുണാനിധി പരിപാടികളില്‍ പങ്കെടുത്തേയ്ക്കില്ല.
