രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് താമരശ്ശേരി താലൂക്കാശുപത്രിയിലെ ഗൈനക്കോളജി വിഭാഗം തലവനും ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ ഭാവാഹിയുമായ ഡോ. കെ.പി അബ്ദുല്‍ റഷീദിനെ വിജിലന്‍സ് സംഘം പിടികൂടിയത്. വന്ധ്യംകരണ ശസ്ത്രക്രിയക്ക് പണം ആവശ്യപ്പെട്ടതായി കാണിച്ച് താമരശ്ശേരി സ്വദേശിനിയാണ് വിജിലൻസിൽ പരാതി നൽകിയത്. വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് ഡി.വൈ.എസ്.പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദ്ദേശാനുസരണം രാവിലെ പരാതിക്കാരി ഡോ. അബ്ദുല്‍ റഷീദിന്റെ വീട്ടിലെത്തുകയും ഫിനോള്‍ഫ്തലിന്‍ പുരട്ടിയ രണ്ടായിരം രൂപയുടെ നോട്ട് കൈമാറുകയും ചെയ്തു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം പണം പിടിച്ചെടുത്ത് അബ്ദുല്‍ റഷീദിനെ അറസ്റ്റ് ചെയ്തു.
വന്ധ്യംകരണ ശസ്ത്രക്രിയക്കായി മൂന്നുപേരില്‍ നിന്നായി വാങ്ങിയ അയ്യായിരം രൂപയും കണ്ടെടുത്തു. വീടിനോടു ചേര്‍ന്നുള്ള ക്ലിനിക്കിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. മെഡിക്കല്‍ ഷോപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയാണ് ഇവിടെ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഡോക്ടർ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് പരാതി ലഭിച്ച സാഹചര്യത്തിൽ ഇത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി ജോസി ചെറിയാന്‍ പറഞ്ഞു. താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തുന്ന ഗർഭിണികളിൽ നിന്നും രോഗികളുടെ ബന്ധുക്കളില്‍നിന്നും പണം ഡോക്‍ടർ പണം വാങ്ങുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഡോക്ടറെ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
