അനുഭവം തുറന്ന് പറഞ്ഞ് അഞ്ജു ഉണ്ണി

സര്‍ക്കാര്‍ ആശുപത്രി അധികൃതരില്‍നിന്ന് തനിക്ക് നേരിടേണ്ടിവന്ന അപമാനം തുറന്ന് പറഞ്ഞ് അധ്യാപിക അഞ്ജു ഉണ്ണി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭിന്നശേഷിക്കാരിയായ താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുവാങ്ങാന്‍ ചെന്നപ്പോള്‍ ഡോക്ടറില്‍നിന്ന് നേരിട്ട അപമാനം തുറന്ന് പറഞ്ഞിരിക്കുന്നത്. ഭിന്നശേഷിയുള്ള ആളാണെന്ന് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങുന്നതിന് പലതവണ ആശുപത്രി കയറി ഇറങ്ങേണ്ടി വന്നെന്നും ഒടുവില്‍ സീല്‍ ചെയ്ത് തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അപമാനിച്ചുവെന്നുമാണ് അനുഭനവം വിവരിച്ച് അഞ്ജു എഫ്ബിയില്‍ കുറിച്ചിരിക്കുന്നത്. 

അഞ്ജു ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു സർക്കാർ ആശുപത്രിയിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം ആണ്‌ ഈ പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത്.ചില കാര്യങ്ങൾ സമൂഹം അറിയേണ്ടത് തന്നെ ആണ്‌ പ്രതേകിച്ചു അത് ഒരു വ്യക്തിയെ മാത്രം അല്ല ഭാവിയിൽ ഒരുപാട് വ്യക്തികളെ,ഒരു സമൂഹത്തെ ബാധിക്കുന്ന ഒരു കാര്യം ആണ്‌ എങ്കിൽ എന്തിനു അത് മറച്ചു വെക്കണം??

എല്ലാവരും വളരെ ബഹുമാനത്തോടെയും വിനയത്തോടെയും സ്നേഹത്തോടെയും കാണുന്ന ഒരു പ്രൊഫെഷൻ ആണ്‌ ഡോക്ടർ.എന്റെ ജീവിതത്തിൽ കുഞ്ഞിലേ മുതൽ ഒരുപാട് ഡോക്ടർമാരെ കണ്ടിട്ട് ഉണ്ട്.പല മുഖങ്ങൾ ഉള്ളവർ ചിലർ സ്നേഹത്തോടെ ക്ഷമയോടെ നമ്മൾ പറയുന്നത് കേട്ടിരിക്കും അവസാനം ഒരു പരിഹാരം പറയുകയും ചെയ്യും.അങ്ങനെ ഉള്ളവരെ കാണുമ്പോൾ പകുതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട പോലെ ആണ്‌.അതിനു കാരണം ഒരു രോഗിയോടു ഉള്ള പെരുമാറ്റം ആണ്‌. എന്നാൽ വേറെ ചിലർ ഉണ്ട് ചെയ്യുന്ന ജോലിയോട് ഒരു ആത്മാർത്ഥത ഇല്ലാത്തവർ.മോശം പെരുമാറ്റം.സ്വയം വലിയവർ എന്ന് നടിക്കുന്നവർ,സാമ്പത്തിക ലാഭം മാത്രം നോക്കുന്നവർ.

ഇനി എനിക്ക് ഉണ്ടായ അനുഭവം പറയാം.

എനിക് ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ആവിശ്യം ആയി വന്നു. അതിനായി എറണാകുളം ഗവൺമെന്റ് മെഡിക്കൽ ഹോസ്പിറ്റലിൽ പോകേണ്ടി വന്നു.Physically Challenged ആയ ആളുകൾക്ക് മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപ്പെടുത്തൽ അടങ്ങിയ ഗവണ്മെന്റ് മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടും.അതിനു മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകണം.ബുദ്ധിവൈകല്യം സംഭവിച്ചവർ,കാഴ്ച്ച ശക്തി,കേൾവി ശക്തി ഇല്ലാത്തവർ,കിടപ്പിൽ ആയവർ ഒക്കെ പരസഹായത്തോടെ ഈ സർട്ടിഫിക്കറ്റിന്‌ വേണ്ടി മണിക്കൂറുകളോളം കാത്തു നിൽക്കുന്നത് അപ്പോൾ ഞാൻ കാണാറ് ഉണ്ട്.അവരെ സംബന്ധിച്ചിടത്തോളം അത് ഒരു പ്രതീക്ഷ ആണ്‌ ഒരു തുടർ ചികിത്സക്ക് വേണ്ടി ഒക്കെ ഈ സർട്ടിഫിക്കറ്റ് വേണം.അതിനു പല കഷ്ടപ്പാടുകൾ സഹിച്ചിട്ടു ആണെങ്കിലും മണിക്കൂറുകൾ കാത്തു നിൽക്കാൻ അവർ തയ്യാറും ആണ്‌.എന്റെ പ്രശ്നങ്ങൾ ഒന്നും അവരുടെ പ്രശ്നങ്ങൾക്ക് മുന്നിൽ ഒന്നും അല്ലായെന്നു ആ സമയങ്ങളിൽ എനിക് തോന്നാറ് ഉണ്ട്.

എനിക് രണ്ടു ഡോക്ടർമാരെ കാണണം.കേൾവി കുറവ് ഉള്ളത് കൊണ്ടും ശാരിക വളർച്ച കുറവ് ഉള്ളതിനാലും സർട്ടിഫിക്കറ്റിൽ ഇതു രണ്ടും സാക്ഷ്യപ്പെടുത്തണം ആയിരുന്നു.തുടക്കം മുതലേ നല്ല ഒരു പെരുമാറ്റം അല്ല ബോർഡിന്റെ ഭാഗത്തു നിന്നു ഉണ്ടായതു.അല്പം വിവരവും വിദ്യാഭ്യാസവും ഉള്ളത് കൊണ്ട് അവർ സർട്ടിഫിക്കറ്റിൽ തെറ്റ് വരുത്തുമ്പോൾ മുന്നേ ലഭിച്ച സർട്ടിഫിക്കറ്റ് കാണിച്ചും വളരെ വിനയത്തോടെയും ഞാൻ അത് അവരോടു പറയുന്നു ഉണ്ടായിരുന്നു.എന്നാൽ "ഇതൊക്കെ പറയാൻ ഉള്ള വിവരം ഈ കൊച്ചിന് ഇല്ല.ഞങ്ങൾക്ക് എന്താ ചെയ്യണ്ടത് അറിയാം എന്ന ഭാവം ആണ്‌ അവർക്കു"

അവസാനം ഞാൻ പറഞ്ഞ ശരി ആയ നടപടി ക്രമം തന്നെ അവർക്കു പാലിക്കേണ്ടി വന്നു.അങ്ങോട്ടും ഇങ്ങോട്ടും എന്നെ ഇട്ടു ഓടിച്ചു, ഞാൻ ഒരു പരുവത്തിൽ ആയതു മിച്ചം. എന്നിട്ടോ കിട്ടിയ സർട്ടിഫിക്കറ്റ് പിന്നെയും ശരി ആയ രീതിയിൽ ഉള്ളത് ആയിരുന്നില്ല.ശാരീരിക വൈകല്യം ഉണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയ ഡോക്ടറുടെ ഒപ്പ്‌ മാത്രം ഉള്ളൂ, സീൽ ഇല്ല.ഡോക്ടറുടെ ക്വാളിഫിക്കേഷൻ, രജിസ്റ്റർ നമ്പർ എന്നിവ ആ സീലിൽ ഉണ്ടായിരിക്കും. ഇതു ആവിശ്യം ആണെന്ന് പറഞ്ഞപ്പോൾ ആ ഡോക്ടറിനെ പിന്നെ വന്നു കാണുക എന്നായി അവർ.പിറ്റേ ദിവസം വീണ്ടും പോയി.നിരാശ ആയിരുന്നു ഫലം.

അങ്ങനെ രണ്ടു ദിവസത്തെ പരിശ്രമത്തിനു ശേഷം മൂന്നാം ദിവസം ആണ്‌ ഡോക്ടറെ കാണുവാൻ കഴിഞ്ഞത്. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ സീൽ വേണം എന്ന് പറഞ്ഞു തീർന്നില്ല.അവർ കുതിച്ചു ചാടാൻ തുടങ്ങി.

" നിങ്ങൾ എന്താ എന്നെ കളിയാക്കാൻ ഇറങ്ങി ഇരിക്കെ ആണോ ?

നിങ്ങൾ എന്നെ പഠിപ്പിക്കാൻ വരണ്ട.ഡോക്ടർമാരൊക്കെ മണ്ടന്മാർ ആണെന്ന് ആണോ നിങ്ങളുടെ വിചാരം?"

ഒരു കൂട്ടം ആളുകൾ തിങ്ങി നിറഞ്ഞ ആശുപത്രിയിലെ പ്രധാനപ്പെട്ട ഒരു ഡിപ്പാർട്മെന്റിന് മുന്നിൽ ആണ്‌ ഡോക്ടറുടെ ഈ അനാവശ്യ രോക്ഷപ്രകടനം എന്ന് ഓർക്കണം.

ഇത്രയും രോക്ഷം കൊള്ളാൻ മാത്രം എന്ത് ഉണ്ടായി, അവരുടെ ഒരു സീൽ വേണം എന്ന് പറഞ്ഞത് ആണോ പ്രശ്നം?

അതോ സർട്ടിഫിക്കറ്റിൽ ഒപ്പിടാൻ ഞാൻ അവർക്കു പൈസ കൊടുത്തില്ല എന്നത് ആണോ?

വൈകല്യം ഉണ്ടെന്നു തെളിയിക്കപെട്ടു കഴിഞ്ഞ ഒരു രോഗിയോട് ഒരു സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ഇത്രയും അപമര്യദ ആയി പെരുമാറുന്ന ഇവർ ചികിത്സക്ക് വേണ്ടി അവരുടെ അടുത്തേക്ക് വരുന്ന സാധരണക്കാരായ രോഗികളോട്‌ എങ്ങനെ ആയിരിക്കും പെരുമാറുക?

Physically Challenged ആയ ഒരാൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുക്കണം എന്നത് സാധരണ ഒരു ഗവൺമെന്റ് നടപടി ആണ്‌.അത് നിഷേധിക്കാൻ ഇവർ ആരാണ് ?

സമൂഹത്തോട് ജനങ്ങളോട് സ്വന്തം പ്രൊഫഷനോട് ഒരു ആത്മാർത്ഥത പോലും ഇല്ലാത്ത ഇവർക്ക് എങ്ങനെ ഒരു രോഗിയെ ചികിൽസിച്ചു സുഖപ്പെടുത്താൻ അവന്‍റെ വേദന മാറ്റുവാൻ കഴിയും?

വിഷമത്തെക്കാൾ ഏറെ ഒരു പുച്ഛം ആണ്‌ അവരോടു അപ്പോൾ തോന്നിയത്.ഇങ്ങനെ ഉള്ളവർക്ക് എതിരെ പ്രതികരിക്കേണ്ടത് തന്നെ ആണ്‌.