കൊല്ലം: പ്രതിമാസ പരിശോധനയ്‌ക്ക് വന്ന ഗര്‍ഭിണിക്ക് അബോര്‍ഷനുള്ള മരുന്ന് കുറിച്ച് കൊടുത്തതായി പരാതി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ രണ്ട് മാസം ഗര്‍ഭിണിയായ ആദിനാട് സ്വദേശി പ്രവിതയ്‌ക്കാണ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കുറിച്ച് നല്‍കിയത്.
മരുന്ന് കുറിച്ച് നല്‍കിയ ശേഷം ലുങ്കിയും, ബനിയനും വാങ്ങി ലേബര്‍ റൂമില്‍ വരാന്‍ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പെണ്‍കുട്ടി നേഴ്‌സമാരോട് തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ തിരക്കിയപ്പോഴാണ് അബോര്‍ഷനുള്ള മരുന്നാണ് കുറിച്ചിരിക്കുന്നതെന്ന് മനസിലായതെന്ന് പെണ്‍കുട്ടി പറയുന്നു.
മരുന്നുമായി ഡോക്ടറോട് കാര്യം തിരക്കിയപ്പോള്‍ തട്ടിക്കയറിയതായും പ്രിവിത പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞതല്ലേ എന്ന് ഡോക്ടര്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ താന്‍ വീട്ടില്‍ വന്നിട്ടില്ലന്ന് പറഞ്ഞപ്പോഴാണ് അബദ്ധം പറ്റിയ കാര്യം ഡോക്ടര്‍ക്ക് മനസിലാകുന്നത്. തുടര്‍ന്ന് വിഷയം ഒതുക്കി തീര്‍ക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയായിരുന്നു. പരാതി ലഭിച്ചനെ തുടര്‍ന്ന് ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടന്ന് സൂപ്രണ്ട് അറിയിച്ചു.
