ദേസരിപാലം സ്വദേശിയായ ഭവാനിയെ തിങ്കളാഴ്ച രാത്രിയാണ് ഗുണ്ടൂരിലെ ജി.ജി.എച്ച് ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഭവാനിക്ക് വേദന അനുഭവപ്പെടുന്നെന്ന് ഭര്‍ത്താവ് ഡോക്ടര്‍മാരെ അറിയിച്ചു. ഡ്യൂട്ടി ഡോക്ടര്‍ ഇന്ദിര, സീനിയര്‍ റെസിഡന്റ് മാനസ എന്നിവരാണ് ഭവാനിയെ പരിശോധിച്ചത്. തുടര്‍ന്ന് രാവിലെ 7.25ഓടെ ഭവാനി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ പ്രസവിക്കും മുമ്പ് തന്നെ കുഞ്ഞ് മരണപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ 7.45ഓടെ കുഞ്ഞ് കാലുകള്‍ അനക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തി. ഉടന്‍തന്നെ വിവരം ഡോക്ടര്‍മാരെ അറിയിച്ചു. പരിശോധിച്ച ശേഷം കുഞ്ഞിനെ നിയോനേറ്റല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

മരിച്ചെന്നുകരുതിയ കുഞ്ഞിനെ തിരികെ കിട്ടിയതിന്റെ സന്തോഷത്തേക്കാളുപരി ശരിയായി പരിശോധിക്കാതെ കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ബന്ധുക്കള്‍ ബഹളം വെച്ചു. എന്നാല്‍ പ്രസവിച്ച സമയത്ത് കുഞ്ഞിന് ശ്വാസമില്ലായിരുന്നെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ആരോഗ്യമന്ത്രി കമിനേനി ശ്രീനിവാസും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.