തിരുവനന്തപുരം: തെരുവുനായ് പ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ട് സമരത്തിനെത്തി സെക്രട്ടേറിയറ്റിന് മുന്നിൽ നായ്ക്കളെ ഉപേക്ഷിച്ച് പോയ സംഭവത്തിൽ പിസി തോമസിനും സംഘത്തിനുമെതിരെ പൊലീസ് കേസ്. മൃഗങ്ങൾക്കെതിരായ ക്രുരതയും അനധികൃത സംഘം ചേരലും അടക്കം മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് തിരുവനന്തപുരം കണ്‍ഡോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

പത്തൊൻപത് കൂട്ടിൽ പട്ടികളെ പിടിച്ചിട്ട് പത്തൊൻപത് മന്ത്രിമാര്‍ക്ക് സമ്മാനിക്കുക എന്നതായിരുന്നു സമരം. തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരമാണ് ആവശ്യം. അതായത് തെരുവു പട്ടിയുടെ കടിയേൽക്കുന്ന ജനത്തിനൊപ്പമാണോ എന്ന് ചോദിച്ചാൽ അങ്ങനെ , അതല്ല പട്ടിയെ തല്ലിക്കൊല്ലുന്നതിനെതിരാണോ എന്ന് ചോദിച്ചാൽ അങ്ങനെയെന്നും പറയാം.

ചെറു പ്രസംഗം . പട്ടികൾക്ക് ലഘു ഭക്ഷണം. സമരക്കാര്‍ പിരിഞ്ഞ് പോയതോടെ കൂട്ടിലിരിക്കുന്ന പട്ടികള്‍ക്ക് കാവൽ നില്‍ക്കേണ്ട ഗതികേട്    പൊലീസിനും .  പിന്നീട് നഗരസഭാ അധികൃതരെത്തിയാണ് തെരുവുനായ്ക്കളെ കൊണ്ടുപോയത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത, കോടതി വിധി ലംഘിച്ചുള്ള പ്രകടനം, സംഘം ചേരൽ വകുപ്പുകൾ പ്രകാരമാണ് കേസ്.