വാഷിംഗ്ടൺ: ഫിഡൽ കാസ്ട്രോയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ച നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഫേസ് ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല. കാസ്ട്രോ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നുവെന്ന് പ്രസ്താവിച്ച് ട്രംപ് ഫേസ് ബുക്കിലെഴുതിയ കുറിപ്പിന്‍റെ കമന്റ് ബോക്സിലാണ് മലയാളികളുടെ തെറിവിളി.

ക്രൂരനായ സ്വച്ഛാധിപതിയായിരുന്നു കാസ്ട്രോയെന്നും ക്യൂബയ്ക്ക് ഇനി സമ്പദ്സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗം ലഭിക്കുമെന്നും ട്രംപ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കാസ്ട്രോയുടെ മരണവാർത്ത സ്ഥിരീകരിച്ച ശേഷം ’ഫിഡൽ കാസ്ട്രോ മരിച്ചു’ എന്ന ട്വീറ്റ് മാത്രമായിരുന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റിന്‍റെതായി പുറത്തുവന്നിരുന്നത്.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഇറക്കിയ വിശദമായ പ്രസ്താവനയിലാണ് കാസ്ട്രോയോടുള്ള നയം നിയുക്‌ത അമേരിക്കൻ ഭരണാധികാരി വ്യക്തമാക്കിയത്. കാസ്ട്രോയെ വിമർശിച്ചുള്ള കുറിപ്പിനു താഴെ ട്രംപിനെ തെറിവിളിച്ചും കാസ്ട്രോയെ വാഴ്ത്തിയും നിരവധി മലയാളികളാണ് കമന്റിട്ടിരിക്കുന്നത്. കാസ്ട്രോയുടെ സ്വാഭാവിക മരണത്തിലൂടെയുള്ള അമേരിക്കയുടെ പരാജയം മറയ്ക്കാനാണ് ട്രംപിന്റെ പ്രസ്താവനയെന്നും കമന്റ് ബോക്സിൽ പറയുന്നുണ്ട്.
