സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്ക് കുപ്രസിദ്ധനായ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഫ്രഞ്ച് പ്രഥമവനിത ബ്രിഗിറ്റ മാക്രോണിനെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തി പുലിവാലുപിടിച്ചു. ഫ്രാന്‍സ് സന്ദര്‍ശനത്തിനിടയില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണിനെയും മെലാന ട്രംപിനേയും സാക്ഷിനിര്‍ത്തിയാണ് 64കാരിയായ ബ്രിഗിറ്റയുടെ ശരീരവടിവ് കൊള്ളാമെന്ന് ട്രംപ് പറഞ്ഞത്. ഫ്രഞ്ച് സര്‍ക്കാര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ദൃശ്യം പുറത്തുവിട്ടത്.
ഇമ്മാനുവേല്‍ മാക്രോണിനോട് പരാമര്‍ശം ആവര്‍ത്തിച്ചശേഷം ബ്രിഗിറ്റയുടെ നേര്‍ക്കുതിരിഞ്ഞ് മനോഹരം എന്നുപറഞ്ഞാണ് 71കാരനായ ട്രംപ് അവസാനിപ്പിച്ചത്. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ മുന്‍ അധ്യാപികകൂടിയായ ബ്രിഗിറ്റ മാക്രോണിന്‍റെ പ്രതികരണം ദൃശ്യത്തില്‍ വ്യക്തമല്ല.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പുവേളയില്‍ എതിര്‍സ്ഥാനാര്‍തിയായ ഹിലരി ക്ലിന്‍റനെതിരായ ട്രംപിന്‍റെ ലൈംഗികപരാമര്‍ശങ്ങള്‍ വിവാദത്തിലായിരുന്നു.
അമേരിക്കന്‍ കോമഡി-അഭിനയത്രി റോസി ഒ ഡോണല്‍, ടെലിവിഷന്‍ അവതാരകയായ അരൈന ഹുഫിംഗ്ടണ്‍, മോഡലുകളായ കിം കാര്‍ദഷൈന്‍, ഹൈയ്ദി ക്ലും എന്നിവരെയും മോശം പരാമര്‍ശങ്ങളിലൂടെ ട്രംപ് മുമ്പ് അപമാനിച്ചിരുന്നു.
