ഫ്ലോറിഡ: കമ്പ്യൂട്ടറുകളിലൂടെയുള്ള ആശയവിനിമയം ഒട്ടും സുരക്ഷിതമല്ലെന്നും തന്റെ സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഇ-മെയിലുകള്‍ക്ക് പകരം കൊറിയറുകള്‍ക്കാണ് പരിഗണന നല്‍കുകയെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്തെങ്കിലും പ്രധാന കാര്യമാണ് അറിയിക്കാനുള്ളതെങ്കില്‍ പഴയ രീതിയില്‍ കൊറിയര്‍ ചെയ്യുന്നതാണ് നല്ലത്. കാരണം ഒറ്റ കമ്പ്യൂട്ടറും സുരക്ഷിതമല്ല-പുതുവര്‍ഷ ആഘോഷത്തിനിടെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനെക്കുറിച്ച് മറ്റുള്ളവര്‍ എന്തു പറഞ്ഞാലും തനിക്ക് പ്രശ്നമല്ലെന്നും ട്രംപ് വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ അനധികൃത ഇടപെടൽ നടത്തിയെന്ന് ആരോപിച്ച് യുഎസ് കഴിഞ്ഞദിവസം 35 റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച വിശദമായ റിപ്പോർട്ട് യുഎസ് പുറത്തുവിട്ടിരുന്നു. യുഎസ് ആഭ്യന്തര സുരക്ഷാവിഭാഗവും എഫ്ബിഐയും സംയുക്തമായി നടത്തിയ വിലയിരുത്തൽ റിപ്പോർട്ടിൽ, യുഎസ് രാഷ്ട്രീയ വെബ്സൈറ്റുകളും ഇ–മെയിലുകളും ഹാക്ക് ചെയ്തതിൽ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇടപെടൽ എടുത്തു പറഞ്ഞിരുന്നു. ഡമോക്രാറ്റ് സൈറ്റിൽനിന്നു ‘കവർന്ന’ മെയിലുകൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത വ്യക്തിക്കു റഷ്യൻ ബന്ധമുണ്ടെന്നും രേഖകളിൽ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ അടുത്ത ആഴ്ച് രഹസ്യാന്വേഷണ വിഭാഗം മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ഹാക്കിംഗ് എന്താണെന്ന് തനിക്കറിയാമെന്നും എന്നാല്‍ ഹാക്കിംഗ് തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നും ട്രംപ് പറഞ്ഞു.