ഇസ്ലാമാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണപ്രസംഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളെ വലിച്ചിടുന്നതില്‍ അതൃപ്തി വ്യക്തമാക്കി പാകിസ്താന്‍. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ഉപരാഷ്ട്രപതി ഹമീദ് ഹന്‍സാരി തുടങ്ങിയ ഉന്നതര്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ വസതിയില്‍ വച്ച് പാകിസ്താന്‍ ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെയാണ് പാകിസ്താന്‍ രംഗത്തു വന്നത്. 

തിരഞ്ഞെടുപ്പ് വാഗ്വാദങ്ങളിലേക്ക് പാകിസ്താനെ വലിച്ചിഴക്കുന്ന പരിപാടി ഇന്ത്യ അവസാനിപ്പിക്കണം. സ്വന്തം കരുത്തില്‍ വേണം തിരഞ്ഞെടുപ്പുകള്‍ ജയിക്കുവാന്‍ അല്ലാതെ അടിസ്ഥാനരഹിതവും നിരുത്തരവാദിത്തപരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചല്ല... പാകിസ്താന്‍ വിദേശകാര്യവക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ ട്വിറ്ററില്‍ കുറിച്ചു. 

കോണ്‍ഗ്രസ് നേതാക്കളുമായി പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതവും യുക്തിരഹിതവുമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് പാകിസ്താന്‍ വിദേശകാര്യവക്താവ് ഇന്ത്യയ്ക്ക് നേരെ ആഞ്ഞടിച്ചത്.