ഇന്നുപുലർച്ചെ നാലരയ്ക്കാണ് മൂവാറ്റുപ്പുഴ പായിപ്ര പണ്ടിരിമലയിൽ ഡോക്ടര്‍ പി എ ബൈജു അന്തരിച്ചത്. 47 വയസ്സായിരുന്നു. 9 വര്‍ഷമായി സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട് കഴിയുകയായിരുന്ന പി എ ബൈജുവിന്‍റെ ജീവിതം ഏഷ്യാനെറ്റ് ന്യൂസിലെ കണ്ണാടി പലവട്ടം പ്രക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. 

2007 ജനുവരി 24ലെ ഒരു സംഭവമാണ് ഡോക്ടറുടെ ജീവിതം തകർത്തത്. സർക്കാർ സർവ്വീസിൽ കയറി ഒൻപത് മാസം മാത്രമായ ബൈജു അന്ന് അടിമാലിയിൽ ആയുര്‍വേദ ഡോക്ടർ. ചികിൽസ തേടിയെത്തിയ ബൈസൺ വാലിയിലെ ഒരു വീട്ടമ്മയ്ക്ക് രസന പഞ്ചകം എന്ന ആയൂർവേദ കഷായം കുറിച്ച് നൽകി. എന്നാൽ ഈ കഷായത്തിൽ വീട്ടമ്മയറിയാതെ ഭർത്താവ് വിഷം കലക്കി.ഒരു സ്പൂൺ മരുന്ന് കഴിച്ച വീട്ടമ്മ കുഴഞ്ഞു വീണു. 
ഭയാശങ്കയിലായ ബന്ധുക്കൾ മരുന്നില്‍ സംശയം പ്രകടിപ്പിച്ച് ഡോക്ടറുടെയടുത്തെത്തി. കഷായത്തിൽ വിഷം കലർത്തിയതറിയാതെ രോഗിയുടെ ബന്ധുക്കള്‍ക്ക് മുന്നിൽവെച്ച് ആ മരുന്ന് ഡോക്ടർ കുടിച്ചുകാണിച്ചു.അന്ന് വീണുപോയതാണ് ഡോ. ബൈജു.പിന്നെ എഴുന്നേറ്റില്ല, ഒന്നും മിണ്ടിയുമില്ല.

പിന്നീട് അന്വേഷണത്തില്‍ രോഗിയെ കൊല്ലാനായി ഭര്‍ത്താവ് തന്നെ മരുന്നില്‍ വിഷം ചേര്‍ത്തതായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പക്ഷേ ഇതൊന്നുമറിയാതെ ആത്മാര്‍ഥസേവനത്തിന് സ്വന്തം ജീവിതം തന്നെ ഈ ഡോക്ടര്‍ക്ക് നൽകേണ്ടിവന്നു.ഇന്നു പുലർച്ചെ മരണം കീഴടക്കുന്നതുവരെ നീണ്ട ഒൻപത് വർഷം ഡോക്ടർ ഒന്നുമറിയാതെ കിടപ്പിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷമാകും സംസ്കാര ചടങ്ങുകൾ. ഡോ.ഷിൻസിയാണ് ഭാര്യ.

Dr PA Biju passed away