Asianet News MalayalamAsianet News Malayalam

ഡോ. വി സി ഹാരിസ് അന്തരിച്ചു

Dr VC Harris Passed Away
Author
First Published Oct 9, 2017, 12:31 PM IST

കോട്ടയം: പ്രമുഖ എഴുത്തുകാരനും കോട്ടയം എം.ജി സര്‍വകലാശാലാ സ്കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടറുമായ ഡോ. വി സി ഹാരിസ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഏറ്റുമാനൂരിനടുത്തുവെച്ച് കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

മാഹി സ്വദേശിയായ ഡോ ഹാരിസ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ തുടക്കകാലം മുതല്‍ അധ്യാപകനായിരുന്നു. മികച്ച അധ്യാപകനെന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം സാഹിത്യ നിരൂപകന്‍, ചലച്ചിത്ര ഗവേഷകന്‍, നാടക, സിനിമാ അഭിനേതാവ്, സംവിധായകന്‍, വിവര്‍ത്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്ര മോളയുടെ ഓപ്പണ്‍ ഫോറത്തില്‍ തുടക്കം മുതല്‍ മോഡറേറ്റര്‍ ആയിരുന്നു അദ്ദേഹം.

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ജല മര്‍മ്മരം എന്ന സിനിമയിലെ മുഖ്യ വേഷം അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. കാള്‍ മാര്‍ക്‌സിന്റെ ജീവിതം പ്രമേയമായ നാടകത്തില്‍ മുഖ്യവേഷമിട്ടതായിരുന്നു അവസാനമായി അദ്ദേഹത്തിന്റെ നാടക പ്രവര്‍ത്തനം.  ഡോ. ഹാരിസ് ഈ വര്‍ഷം ആദ്യമായാണ് സ്‌കൂള്‍ ഒഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ആയി നിയമിതനായത്.

രണ്ടു മാസം മുമ്പ് അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത് വിവാദമായിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ള ഇടപെടലുകളും കാരണം ഈ തീരുമാനം പിന്നീട് പിന്‍വലിക്കുകയായിരുന്നു.

സ്കൂൾ വിദ്യാഭ്യാസം മയ്യഴി ജവഹർലാൽ നെഹ്രു ഹൈസ്കൂളിൽ. കണ്ണൂർ എസ്.എൻ കോളേജിലും കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തിരുന്നു. ചൊവ്വാഴ്ച കോട്ടയത്താണ് സംസ്കാര ചടങ്ങ്.

Follow Us:
Download App:
  • android
  • ios