കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികില്‍സാ പിഴവുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള കരട് നിയമം ഫത്‌വ ബോര്‍ഡിന് സമര്‍പ്പിച്ചു. നിയമ, സാമ്പത്തിക, ഭരണപരമായ വശങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് വിശദമായി പഠനം നടത്തുണ്ടന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.

 ഫത്‌വ ആന്‍ഡ് ലെജിസ്ലേഷന്‍ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍കൂടി ലഭിച്ചശേഷം കരടുനിയമം പാര്‍ലമെന്‍റില്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്ന് ആരോഗ്യ വകുപ്പ്മന്ത്രി ഡോ. ജമാല്‍ അല്‍ ഹാര്‍ബി വ്യക്തമാക്കി. ചികിത്സാ പിഴവുകള്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സിനായി പ്രത്യേകം ഫണ്ട് സ്വരൂപിക്കും. 

അത്‌പോലെ തന്നെ ജോലി മേഖലയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ഉപദ്രവങ്ങളില്‍നിന്ന് ഡോക്ടര്‍മാരെ രക്ഷിക്കുന്നതിനായി അവരില്‍നിന്ന് ചെറിയ തുക ഫീസായി ഈടാക്കി ഫണ്ട് സ്വരൂപിക്കുന്നുണ്ട്.ം.ഇത് ആരോഗ്യ പാര്‍ലമെന്ററി കമ്മിറ്റിയുടെ അജന്‍ഡയിലുമുണ്ട്. കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അപ്‌ഡേറ്റ്‌സ് ഇന്‍ മെഡിസിന്‍ എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗികളുടെ സുരക്ഷ ഉറപ്പാക്കും.എല്ലാ മെഡിക്കല്‍ ശാഖകളിലും ഏറ്റവും പുതിയ ശാസ്ത്ര, സാങ്കേതിക നേട്ടങ്ങള്‍ കൊണ്ടുവരേണ്ടത് മാനുഷികവും തൊഴില്‍പരവുമായ ഉത്തരവാദിത്തമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.