കുടിവെള്ള പൈപ്പുകളില്‍ നിന്നും കുടിവെള്ളത്തിന് പകരം ലഭിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെ.

ഇടുക്കി: കുടിവെള്ള പൈപ്പുകളില്‍ നിന്നും കുടിവെള്ളത്തിന് പകരം ലഭിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെ. മൂന്നാറിലെ സ്വകാര്യ കമ്പനിയുടെ സ്ഥലത്ത് നിന്നും പഞ്ചായത്തിന്റെയും ജലസേചന വകുപ്പിന്റെയും സംയുക്ത പദ്ധതിപ്രകാരം പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന കുടിവെള്ള പൈപ്പില്‍ നിന്നാണ് വെള്ളത്തിന് പകരം പാമ്പിനെ ലഭിച്ചത്. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികളിലൊരാള്‍ കുടിവെള്ളം കുടത്തില്‍ നിറക്കുന്നതിനെയാണ് പെരുമ്പാനിനെ കണ്ടത്. 

പൈപ്പ് തുറന്നുടന്‍ ടാപ്പില്‍ നിന്നും പാമ്പിന്റെ ഒരുഭാഗം വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പരിഭ്രാന്തിയിലായ സ്ത്രീ തൊഴിലാളി ബഹളം വച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ജീവനുണ്ടായിരുന്ന പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ കൊന്നശേഷം പൈപ്പ് തുറന്ന് പുറത്തെടുക്കുകയായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ കുടിവെള്ളമെത്തിക്കുന്ന ടാങ്കുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് വ്യവസ്ഥ. 

എന്നാല്‍ വാട്ടര്‍ അഥോറിറ്റിയടക്കം വിതരണം ചെയ്യുന്ന ടാങ്കുകള്‍ ക്ലീന്‍ ചെയ്തിട്ടില്ലെന്ന് തൊഴിലാളിയായ പളനിസ്വാമി പറയുന്നു. മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുടിവെള്ളം ശുചീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. കമ്പനിയുടെ ലയ്ത്തുകളിലും മറ്റും സര്‍ക്കാരിന്റെ സഹായത്തോടെ പഞ്ചായത്തുകളാണ് കുടിവെള്ളമെത്തിക്കുന്നത്. എന്നാല്‍ ഇത്തരം കുടിവെള്ള പൈപ്പുകളിലൂടെ ശുദ്ധജലത്തിന് പകരം നിരവധി മാലിന്യങ്ങള്‍ എത്തുന്നതായും നാട്ടുകാര്‍ ആരോപിച്ചു.