ദുബായ്: ഡ്രൈവറില്ലാത്ത വാഹനം ദുബായ് നിരത്തുകളിലേക്ക്. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തി.ഇത്തരം അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ ആര്‍.ടി.എ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. സുരക്ഷ, ഇന്‍ഷൂറന്‍സ്, നിയമം തുടങ്ങിയവ സംബന്ധിച്ചെല്ലാം ഈ കമ്മിറ്റി തീരുമാനം എടുക്കും.

10 മുതല്‍ 12 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഡ്രൈവറില്ലാത്ത വാഹനമാണ് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പരീക്ഷണ ഓട്ടം നടത്തുന്നത്. വാഹനത്തിന്റെ നാല് വശങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളും മുന്‍വശത്തെ ക്യാമറയുമാണ് തടസങ്ങള്‍ മനസിലാക്കി മുന്നോട്ട് കുതിക്കാന്‍ ഇതിനെ സഹായിക്കുന്നത്. മറ്റ് വാഹനങ്ങളോ, കാന്‍നടയാത്രക്കാരോ, വാഹനത്തിന് തടസം സൃഷ്‌ടിച്ചാല്‍ അതിനനുസരിച്ച് സ്വയം ഇതിന്റെ വേഗത കുറയുകയും നില്‍ക്കുകയും ചെയ്യും.

വാഹനത്തിന് മുകളില്‍ ലേസര്‍ സംവിധാന ഉപകരണവുമുണ്ട്. പരീക്ഷണ യാത്രയില്‍ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് വാഹനം സഞ്ചരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ റോഡില്‍ ഇറങ്ങുന്നതോടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാവും. പൊതുജനങ്ങള്‍ക്ക് ഈ ഡ്രൈവറില്ലാത്ത വാഹനത്തില്‍ പരീക്ഷണയാത്ര ചെയ്യാനുള്ള അവസരവും അധികൃതര്‍ ഒരുക്കിയിരുന്നു. ഇലക്ട്രിക് വാഹനമാണിത്. അതുകൊണ്ട് തന്നെ പരിസ്ഥിതി സൗഹൃദവും.