ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി പരിശീലന കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയതാണ് കാരണമെന്ന് പറയുന്നു.

കഴിഞ്ഞ റമദാന്‍ മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളില്‍ 2016ല്‍ പ്രവേശനം നേടിയവരില്‍ 65 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ കാരണം പരിശീലനം പൂര്‍ത്തിയാക്കിയാലും വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് വളയം തിരിക്കാനുള്ള ലൈസന്‍സ് ലഭിക്കുന്നത്. ലൈസന്‍സിനായി അപേക്ഷിക്കുന്നതിന് പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധനകളും മാനദണ്ഡങ്ങളും കാരണം പലരും വാഹനവുമായി റോഡിലിറങ്ങാനുള്ള മോഹം തുടക്കത്തിലേ നുള്ളിക്കളയുകയാണ്.

പരിശീലനം പൂര്‍ത്തിയാക്കി ആദ്യ ടെസ്റ്റ് കഴിഞ്ഞാല്‍ അടുത്ത ടെസ്റ്റിന് തീയതി ലഭിക്കാന്‍ മൂന്നു മുതല്‍ നാലു മാസം വരെയാണ് പലര്‍ക്കും കാത്തിരിക്കേണ്ടി വരുന്നത് .ഇതുണ്ടാക്കുന്ന സാമ്പത്തിക നഷ്‌ടവും സമയ നഷ്‌ടവുമോര്‍ത്തു പാതിയില്‍ ശ്രമം ഉപേക്ഷിക്കുന്നവരുമുണ്ട്.

നേരത്തെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഖത്തറില്‍ ലൈസന്‍സ് അനുവദിച്ചിരുന്നു എന്നാല്‍ ചില ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വ്യാജ ലൈസന്‍സുകള്‍ സംഘടിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഗതാഗത മന്ത്രാലയം ഈ സംവിധാനം നിര്‍ത്തലാക്കിയത്. എന്തായാലും ഖത്തറിലെ നിരത്തുകളില്‍ വളയം തിരിക്കണമെങ്കില്‍ ഏറെ പണിപ്പെടേണ്ടി വരുമെന്ന തിരിച്ചറിവ് ഇപ്പോള്‍ രാജ്യത്തെ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.