ഡ്രൈവർ സൈനുലാബ്ദീനെ ഓഫീസിൽ വിളിച്ചു വരുത്തി. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
തിരുവനന്തപുരം: 3 വയസുകാരനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തിൽ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ. ഡ്രൈവർ സൈനുലാബ്ദീനെ ഓഫീസിൽ വിളിച്ചു വരുത്തി. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്. കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്നാണ് ഡ്രൈവറുടെ മൊഴി.
കഴക്കൂട്ടത്ത് നിന്നും കുട്ടിയെ ഡ്രൈവിംഗ് സീറ്റിലിരുത്തി അപകട യാത്ര നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടി കാറിൻ്റെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. സമീപത്തു കൂടി പോയ കാർ യാത്രികരായ കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യം പകർത്തിയത്. ദൃശ്യം പകർത്തുന്നത് കണ്ട് അമിത വേഗതയിൽ കാർ മുന്നോട്ടു പോയി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ആർടിഒയോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കഴക്കൂട്ടം ആര്‍ടിഒ നടപടി എടുത്തിരിക്കുന്നത്.





