കോട്ടയത്ത് ആറാം ക്ലാസുകാരന് ലഹരി നല്‍കിയ കേസില്‍ പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ ആറാം തീയതിയാണ് സംഭവം. സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം ആറാംക്ലാസുകാരന്‍ അനില്‍കുമാറിന്റെ വീട്ടില്‍ പോയി. ചെന്നയുടന്‍ ഒപ്പമുണ്ടായിരുന്ന ആളെ ജൂസ് വാങ്ങാന്‍ പറഞ്ഞുവിട്ടു. കുഴഞ്ഞ് വീണ കുട്ടിയെ അനില്‍കുമാര്‍ ഒരു ഓട്ടോയില്‍ കയറ്റിവിട്ടു. വീട്ടില്‍ അച്ഛനുമമ്മയും ഇല്ലാത്തതിനാല്‍ അടുത്ത വീട്ടിലുള്ളവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടിക്ക് നല്‍കിയത് മയക്കുമരുന്നു തന്നെയാണോയെന്ന് പരിശോധനക്ക് ശേഷമേ പറയാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. സാമ്പിള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.അനില്‍കുമാറിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ മോഷണം അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. ലഹരി മാഫിയ സംഘത്തില്‍ കുട്ടിയെ ചേര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സ്കൂളുകള്‍ കേന്ദ്രീകരരിച്ച് ലഹരി മാഫിയ ശക്തമാകുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
